Skip to main content

മഴക്കാലരോഗങ്ങള്‍: മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്

 

 

ജില്ലയില്‍ മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എലിപ്പനി അടക്കമുള്ള രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ ഗുളിക ആവശ്യത്തിന് ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിനില്‍ക്കുന്ന വെളളത്തിലും ഈര്‍പ്പമുള്ള മണ്ണിലും എലിപ്പനി പകര്‍ത്തുന്ന രോഗാണുക്കള്‍ ഉണ്ടാകാനിടയുണ്ട്. എലി, നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ മണ്ണിലും വെളളത്തിലും കലരുന്നത്. ഒഴുക്കില്ലാത്ത വെളളത്തില്‍ എലിപ്പനി രോഗാണു കൂടുതല്‍ ഉണ്ടായേക്കാം. ഇത്തരം വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ശരീരത്തിലെ മുറിവുകളിലൂടെയും മറ്റുമാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുക.

പ്രധാന ലക്ഷണങ്ങള്‍:

കടുത്ത പനി, തലവേദന, വിറയല്‍, പേശികളില്‍ വേദന, ഛര്‍ദ്ദി, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറുവേദന, വയറിളക്കം, ശരീരത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

മണ്ണും വെളളവുമായി തുടര്‍ച്ചയായി സമ്പര്‍ക്കമുള്ള ശുചീകരണ ജോലിക്കാര്‍, കെട്ടിടനിര്‍മാണ തൊഴിലാളികള്‍, തൊഴിലുറപ്പു പ്രവര്‍ത്തകര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍, കക്ക വാരുന്നവര്‍ തുടങ്ങിയവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ ഗുണനിലവാരമുളള കാലുറയും കൈയ്യുറയും ധരിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം.

അഴുക്കു വെളളത്തിലും മണ്ണിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.

മുറ്റത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരിപ്പ് ധരിക്കണം.

വീട്ടില്‍ വളര്‍ത്തുന്ന നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുമായി അടുത്തിടപഴകുന്നതും അവയുടെ മൂത്രം കലര്‍ന്ന മണ്ണില്‍ കളിക്കുന്നതും ഒഴിവാക്കണം.

മണ്ണിലോ, വെളളത്തിലോ കളിച്ചു കഴിയുമ്പോള്‍ സോപ്പ് ഉപയോഗിച്ച് കൈകാലുകള്‍ നന്നായി കഴുകണം.

കുട്ടികളിലെ ശാരീരിക അസ്വസ്ഥതകള്‍ അവഗണിക്കരുത്.

പനി, നടുവേദന, കൈകാലുകളില്‍ വേദന, പേശികളില്‍ വേദന, മൂത്രത്തിനും കണ്ണിനും മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങളില്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ അടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം.

കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി ഗുരുതരമാകാനിടയുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ വേദനസംഹാരികള്‍ കഴിക്കരുത്.

സ്വയം ചികിത്സ ഒഴിവാക്കണം.
 

date