Skip to main content

75ാം സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി പി. പ്രസാദ് പതാക ഉയര്‍ത്തും

 

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഓഗസ്റ്റ് 15ന് രാവിലെ ഒന്‍പതിന് ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല ആഘോഷച്ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയും ചെയ്യും.

പോലീസ്, ഏക്സൈസ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്സ്, സ്‌കൂള്‍ ബാന്‍ഡ് എന്നിവയുടേത് ഉള്‍പ്പെടെ 18 കണ്ടിജെന്റുകള്‍ പരേഡില്‍ അണിനരക്കും. ചേര്‍ത്തല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കുമാറാണ് പരേഡ് കമാന്‍ഡര്‍. പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കണ്ടിജന്റുകള്‍ക്ക് മന്ത്രി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രാദേശിക തലത്തിലും ആഘോഷ പരിപാടികള്‍ സംഘടിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കാം.

ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഡ്രസ് റിഹേഴ്സല്‍ ഇന്ന് (ഓഗസ്റ്റ് 13) രാവിലെ എട്ടിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അറിയിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മറ്റു സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും പങ്കെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്ന് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും മേധാവികള്‍ ഉറപ്പുവരുത്തണം.

date