Skip to main content
 സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ എൻ.എസ്.എസിന്റെ പ്രവർത്തനം മാതൃകാപരം - മന്ത്രി അഹമ്മദ് ദേവർകോവിൽ

സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ എൻ.എസ്.എസിന്റെ പ്രവർത്തനം മാതൃകാപരം - മന്ത്രി അഹമ്മദ് ദേവർകോവിൽ

സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും  ഇടപെടലുകളിലും എൻഎസ്എസിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യമൃതം 2022  ന്റെ കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ  വികാസത്തിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നാഷണൽ സർവീസ് സ്കീം നടത്തി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 

കല്പകം എന്ന പേരിൽ തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കുക, ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി ദേശീയ പതാകകൾ തയ്യാറാക്കുക, ഫ്രീഡം വാൾ സജ്ജമാക്കുക, സമൂഹോദ്യാനം തയ്യാറാക്കുക, സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിക്കുക, സ്വച്ഛത പക്ക്വാഡ പ്രവർത്തനം നടത്തുക, വൈവിധ്യമാർന്ന ക്ലാസുകളും, വിവിധ നിർമ്മാണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക തുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടത്തുക. 

 

ചടങ്ങിൽ പിടിഎ പ്രസിഡന്റ് എ ടി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ പി എം അനിൽ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് കോഴിക്കോട് ജില്ലാ കോർഡിനേറ്റർ എം കെ ഫൈസൽ എൻഎസ്എസ് സന്ദേശം നൽകി.  പ്രോഗ്രാം ഓഫീസർ ഇ കെ ഷഹീന പ്രോജക്ട് അവതരിപ്പിച്ചു.  പിടിഎ വൈസ് പ്രസിഡണ്ട് സി. കെ സാജിദ് ഇസ്ഹാഖ് പങ്കെടുത്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം അബ്ദു സ്വാഗതവും വളണ്ടിയർ ലീഡർ അമീഷ നന്ദിയും പറഞ്ഞു.

date