Skip to main content
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ  ജില്ലാ സംരംഭകത്വ വികസന ഇടനാഴി പദ്ധതിയുടെ ഭാഗമായി നടത്തുന്ന   ഏകദിന ശില്പശാലകളുടെ ജില്ലാ തല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി .രാജീവ് ആലുവ യു.സി കോളേജിൽ നിർവഹിക്കുന്നു

പ്രതിസന്ധികളെ മറികടക്കുന്നതിലാണ്  സംരംഭകന്റെ മികവ്: മന്ത്രി പി. രാജീവ്

 

ജില്ലാ പഞ്ചായത്തിന്റെ ജില്ലാ സംരംഭക 
ഇടനാഴിക്ക് തുടക്കമായി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ 
നേതൃത്വത്തില്‍ ഉപദേശകസമിതി രൂപീകരിക്കും

    പ്രതിസന്ധികളെ മറികടക്കുന്നതിലാണു സംരംഭകന്റെ മികവെന്നും ജില്ലയില്‍ സംരംഭകര്‍ക്കായി ലഭ്യമാക്കിയ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും 
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ ജില്ലാ സംരംഭകത്വ വികസന ഇടനാഴി പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഏകദിന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം ആലുവ യു.സി കോളേജ് എം.സി.എ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സംസ്ഥാന സര്‍ക്കാര്‍ സംരംഭക വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങളാണു ലഭ്യമാക്കുന്നതെങ്കിലും അഞ്ചു മാസത്തിനകം 52,600 നൂതന സംരംഭങ്ങള്‍ ആരംഭിച്ചു. കേരളത്തില്‍ ഒരു വര്‍ഷം പതിനായിരം സംരംഭങ്ങള്‍  ആരംഭിച്ചിരുന്ന നിലയില്‍നിന്നും ഒരു മാസം പതിനായിരത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാനാകുന്നു. ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഉപദേശകസമിതി രൂപീകരിക്കും. ജില്ലാ പഞ്ചായത്തിനു മാത്രമായി വ്യവസായ ഓഫീസ് ലഭ്യമാക്കണമെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യം ഗൗരവകരമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ലീഡ് ബാങ്കിന്റെ ടാര്‍ഗറ്റ് 5560 ല്‍ എത്തിയെന്നും പഞ്ചായത്ത് തലത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയ 13 ഇന്റേണുകള്‍ ജില്ലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

    പുതിയതും വ്യത്യസ്തവുമായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നല്‍കുന്നതിനുമായി എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ജില്ലാ സംരംഭകത്വ വികസന ഇടനാഴി.  
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പ്രോത്സാഹനവും പിന്തുണയും സാങ്കേതിക സഹായവും പദ്ധതിയിലൂടെ ഉറപ്പു വരുത്തുന്നു. ഓരോ ബ്ലോക്കിലും പ്രാധാന്യമുള്ള മേഖലകള്‍ കണക്കാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. ആലങ്ങാട് കാര്‍ഷിക പ്രാധാന്യമുള്ള ബ്ലോക്ക് പഞ്ചായത്തായതിനാല്‍ വാഴ, ചക്ക, കിഴങ്ങ് എന്നിവയുമായി ബന്ധപ്പെട്ട് സംരംഭങ്ങള്‍ തുടങ്ങാനുള്ള സാങ്കേതിക പരിശീലനമാണു നല്‍കിയത്. ചെറിയ മുതല്‍മുടക്കില്‍ തുടങ്ങാന്‍ പറ്റുന്ന സംരംഭങ്ങളെക്കുറിച്ചും ഡോ. പുഷ്പലത ക്ലാസ് എടുത്തു.

    ഡിസ്ട്രിക്ട് എന്റര്‍പ്രിണര്‍ഷിപ്പ് കോറിഡോര്‍ (ഡി.ഇ.സി) വഴി നൂതന സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംരംഭങ്ങള്‍ തുടങ്ങുന്നതിനും തുടര്‍ന്നു കൊണ്ടുപോകുന്നതിനുള്ള സഹായവും പദ്ധതിയിലൂടെ നല്‍കും. 

    സംരംഭകര്‍ക്ക് ശരിയായ അറിവും ദിശാബോധവും നല്‍കുന്നതിനായി എറണാകുളം ജില്ലയിലെ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലും ഏകദിന ശില്പശാല സംഘടിപ്പിക്കും. ശില്പശാലയില്‍ വിവിധ വകുപ്പുകള്‍ വിവിധ പദ്ധതികളെ പരിചയപ്പെടുത്തും. സംരംഭകര്‍ക്കു വായ്പാ സഹായം നല്‍കുന്നതിനായി വിവിധ ബാങ്കുകളുടെ സേവനവും ശില്പശാലയിലുണ്ടാകും. ജില്ലയില്‍ ഫലപ്രദമാകുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതിനും വിജയം കൈവരിച്ച സംരംഭകരുമായി സംവദിക്കുന്നതിനും ശില്പശാലയില്‍ അവസരം ലഭ്യമാക്കും. 

    സംരംഭകര്‍ക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഒന്നാം ഘട്ടമായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു. ആവശ്യക്കാര്‍ ഏറിയാല്‍ കൂടുതല്‍ തുക അനുവദിക്കും. കൂടാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു തയ്യാറായി എത്തുന്നവര്‍ക്ക് സ്പോര്‍ട്ട് ലൈസന്‍സിനുള്ള കെ. സ്വിഫ്റ്റ് സംവിധാനവും ശില്പശാലയില്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

     ആലങ്ങാട് ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എം.ജെ ജോമി, മനോജ് മൂത്തേടന്‍,  ശാരദാ മോഹന്‍, കെ.വി രവീന്ദ്രന്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, വൈസ് പ്രസിഡന്റ് എം.ആര്‍ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജയശ്രീ ഗോപീകൃഷ്ണന്‍, ട്രീസ മോളി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, കരുമാലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മേനാച്ചേരി, 
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, മാനേജര്‍ എസ്.ഷീബ, ലീഡ് ബാങ്ക് മാനേജര്‍ മോഹന്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്  തുടങ്ങിയവര്‍ പങ്കെടുത്തു.

date