Skip to main content
ജില്ലാ ശിശു ക്ഷേമ സമിതി കളക്ടറേറ്റ് പരിസരത്തു ആരംഭിച്ച സംരക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡോ. രേണുരാജ്  നിർവഹിക്കുന്നു

കളക്ടറേറ്റിലെ അമ്മമാര്‍ക്ക് ശിശുക്ഷേമസമിതിയുടെ ഓണ സമ്മാനം; ശിശു സംരക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു

 

ജോലിക്കെത്തുന്ന സമയത്ത് കുട്ടികളെ സുരക്ഷിതമായി ഏല്‍പിക്കാനുള്ള ശിശു സംരക്ഷണ കേന്ദ്രത്തിന്റെ (ഡേ കെയര്‍) പ്രവര്‍ത്തനം കളക്ടറേറ്റില്‍ പുനഃരാരംഭിച്ചു. 
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ശിശു സംരക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി  മുടങ്ങിയത്. നവീകരിച്ച ശിശു സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പുറമെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കുട്ടികള്‍ക്കും കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കും. 7:3 അനുപാതത്തിലായിരിക്കും പ്രവേശനം. 

ആറു മാസം മുതല്‍ ആറു വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് കേന്ദ്രത്തില്‍ മുഴുവന്‍ സമയ പ്രവേശനം. ഇതിനു പുറമെ സ്‌കൂള്‍ സമയത്തിനു ശേഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്രത്തില്‍ പ്രവേശനമനുവദിക്കും. എട്ടാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കും ആറാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കുമായിരിക്കും സ്‌കൂള്‍ സമയത്തിനു ശേഷം പ്രവേശനം നല്‍കുന്നത്.

ഒരു അധ്യാപികയുടെയും ഒരു സഹായിയുടെയും സേവനമാണ് കേന്ദ്രത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്. കൂടുതല്‍ കുട്ടികളെത്തുന്ന സാഹചര്യത്തില്‍ അതനുസരിച്ച് സഹായികളെ നിയമിക്കും. കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, മുതിര്‍ന്ന കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ തുടങ്ങിയ സൗകര്യങ്ങളും കുട്ടികള്‍ക്ക് പാല്‍ കൊടുക്കാനുള്ള പ്രത്യേക സ്ഥലവും ശിശുസംരക്ഷണ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. 

കോവിഡിനു ശേഷം ശിശു ക്ഷേമ സമിതിയുടെ മൂന്ന് ഡേ കെയറുകളാണ് നിലവില്‍  ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. കളക്ടറേറ്റിനു പുറമെ വൈപ്പിന്‍ മേഖലയിലാണ് മറ്റ് രണ്ട് ഡേ കെയറുകള്‍ ഉള്ളത്. 

ഉദ്ഘാടന ചടങ്ങില്‍ ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ.യേശുദാസ് പാറപ്പിള്ളി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. സുനില്‍ ഹരീന്ദ്രന്‍, വെസ് പ്രസിഡന്റ് അഡ്വ.കെ.എസ് അരുണ്‍കുമാര്‍, ജോയിന്റ് സെക്രട്ടറി അഡ്വ. ടി.വി അനിത, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എന്‍.കെ. പ്രദീപ്, സനം പി. തോപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date