Skip to main content
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചപ്പോൾ

സംസ്ഥാനത്തെ ആരോഗ്യ മേഖല അതിവേഗം വികസിക്കുന്നു: മന്ത്രി പി. രാജീവ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഉദ്ഘാടനം ചെയ്തു

 

സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ചയ്ക്കനുസരിച്ച് അതിവേഗത്തിലുള്ള വികസനമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖലയിലുണ്ടാകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിലെ വികസന നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് കൂടി എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രദ്ധകൊടുക്കുന്നത്. കളമശേരിയിലെ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മധ്യകേരളത്തിലെ കിടത്തി ചികിത്സയുള്ള പ്രധാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി  മാറുമെന്നും മന്ത്രി പറഞ്ഞു. 

ആരോഗ്യ മേഖലയില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തുടങ്ങി മെഡിക്കല്‍ കോളേജുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്ന ഏറ്റവും ശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ് ഇവിടെയുള്ളത്. ചികിത്സാ രീതിയിലുള്ള വളര്‍ച്ചയ്‌ക്കൊപ്പം രോഗ നിര്‍ണയത്തിനുള്ള പരിശോധനകളും ആവശ്യമാണ്. ബ്ലോക്ക് തലങ്ങളിലെ ആരോഗ്യമേളകള്‍ ഇത്തരം പരിശോധനകള്‍ക്കുള്ള വേദിയാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പെരുമ്പാവൂരിന് സമീപം മുടിക്കല്‍ റീം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി.വി ശ്രീനിജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ചികിത്സാ സഹായങ്ങളും ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താന്‍ പൊതുജനങ്ങള്‍ ശ്രമിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ ബെന്നി ബഹനാന്‍ എം.പി മുഖ്യാതിഥിയായി. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ  നിര്‍വഹിച്ചു. മേളയോടനുബന്ധിച്ച് നടന്ന വിളംബര ജാഥ അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. 

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി, വൈസ് പ്രസിഡന്റ് അജി ഹക്കീം, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗോപാല്‍ ഡിയോ, ശ്രീജ കുഞ്ഞുമോന്‍, സതി ലാലു, എന്‍.ബി ഹമീദ്, രാജി സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  ലിസി സെബാസ്റ്റ്യന്‍, അസീസ് മൂലയില്‍, ഷാജിത നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷമീര്‍ തുകലില്‍, സുധീര്‍ മീന്ത്രക്കല്‍, കെ.എം സിറാജ്, ആബിദ ഷെരീഫ്, ഷീജ പുളിക്കല്‍, സതി ഗോപി, വാഴക്കുളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം അബ്ദുല്‍ അസീസ്, ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത്ത് ജോണ്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ കെ.വി സതി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മധു .കെ. പീറ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മേളയുടെ ഭാഗമായി ആരോഗ്യ സെമിനാര്‍, പ്രദര്‍ശനങ്ങള്‍, വിപണനമേള, ആരോഗ്യ ക്യാംപ്, കലാപരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു. ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയ കീഴ്മാട് ഗ്രാമപഞ്ചായത്തിനും വിളംബര ജാഥയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകള്‍ക്കുമുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു

date