Skip to main content

കലൂർ ഖാദി ഗ്രാമ  സൗഭാഗ്യയിൽ ഓണത്തിരക്കേറുന്നു

 

ഖാദി പഴയ ഖാദി അല്ല

തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കലൂർ ഖാദി ഗ്രാമസൗഭാഗ്യയിൽവസ്ത്ര വിപണന മേളയ്ക്ക് തിരക്കേറുന്നു. ഓരോ വീട്ടിലും ഓരോ ഖാദി വസ്ത്രം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണം ഖാദി മേള ഒരുക്കിയിരിക്കുന്നത്. ഖാദി പഴയ ഖാദി അല്ല എന്നതാണ് ബോർഡിന്റെ ഇത്തവണത്തെ ഓണ സന്ദേശം.  

പുതുതലമുറയെ ഖാദി വസ്ത്രങ്ങളിലേക്ക്ആകർഷിക്കുന്നതിനായി ഫാഷൻ ഡിസൈനറുടെ സേവനവും ഇവിടെ ലഭ്യമാണ്. ഏറ്റവും പുതിയ രീതിയിലുള്ള റെഡിമെയ്ഡ് ഷർട്ടുകൾ ചുരിദാറുകൾ എന്നിവ ഇവിടെ ലഭിക്കും. മറ്റു വസ്ത്രങ്ങൾക്കൊപ്പം ഖാദി വസ്ത്രങ്ങൾക്ക് ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. സർക്കാർ ജീവനക്കാർ ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവ് ഖാദി വസ്ത്ര വിപണിക്ക് കരുത്തേകി. 
കോപ്പർ ഡിസൈനിൽ തീർത്ത ഏറ്റവും പുതിയ ഡിസൈനിലുള്ള സിൽക്ക് സാരി ഉൾപ്പെടെ ശ്രീകൃഷ്ണപുരം പട്ട്, അനന്തപുരി പട്ട്, കാന്താ സിൽക്ക്, സ്പൺ സിൽക്ക്, കോട്ടൺ സാരികൾ, സമ്മർ കൂൾ മില്ലേനി ഷർട്ടുകൾ, ബെഡ്ഷീറ്റ്, കേരളത്തിനകത്തും പുറത്തുമുള്ള ഖാദി തുണിത്തരങ്ങൾ, കോട്ടൺ - പോളി വസ്ത്രങ്ങളിൽ തീർത്ത പാൻറ് പീസുകളും ഉൾപ്പെടെയുള്ള വൻ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ ഏഴ് വരെ ഖാദി ഉല്പന്നങ്ങൾക്ക്  30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ, ബാങ്ക് പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ക്രെഡിറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ആകർഷകമായ സമ്മാന പദ്ധതികളും ഓണത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കേരള ഖാദി  എന്ന പേരിൽ ഫ്ലിപ്കാർട്ടിൽ നിന്നും  ഉൽപ്പന്നങ്ങൾ വാങ്ങാം.

date