Skip to main content
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ആരോഗ്യമേള തോമസ് ചാഴിക്കാടൻ എം. പി. ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തിയിൽ  ആരോഗ്യമേള സംഘടിപ്പിച്ചു

 

മുളന്തുരുത്തി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള തോമസ് ചാഴിക്കാടൻ എം. പി. ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം. എൽ. എ. മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യമേളയോട് അനുബന്ധിച്ച് പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച റാലി ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു സജീവ് ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടർന്ന് കാലാവസ്ഥാ വ്യതിയാനവും മനുഷ്യാരോഗ്യവും എന്ന വിഷയത്തിൽ  സെമിനാർ എൻ. എച്ച്. എം. ഡോ. രോഹിണി നയിച്ചു. ലഹരി വിമുക്ത കേരളം എന്ന വിഷയവുമായി ബന്ധപ്പെട്ട് എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് വി. ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. പൊതുജനാരോഗ്യവും ഖരമാലിന്യ സുസ്ഥിര നിർമാർജ്ജനവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഐക്യരാഷ്ട്ര സഭ കൺസൾട്ടന്റായ തോമസ് വർഗീസ് ക്ലാസ് നയിച്ചു. 

മേളയോടനുബന്ധിച്ചു ഫയർ ആൻഡ് റെസ്‌ക്യൂ, ഐ. സി. ഡി. എസ്., ആയുർവേദം, ഹോമിയോ  തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.  വിവിധ വകുപ്പുകളുടെ സ്റ്റാളുകളുടെ പ്രദർശനവുമുണ്ടായിരുന്നു. ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപതി പരിശോധനയും, നേത്രപരിശോധനയും, ദന്തരോഗ നിർണയം, ക്യാൻസർ റിസ്ക് അസ്സസ്മെന്റ് തുടങ്ങിയ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ആശ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികളും മേളയുടെ മാറ്റ് കൂട്ടി.

ആരോഗ്യമേളയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ  പഞ്ചായത്ത് പ്രസിഡന്റുമാരായ മറിയാമ്മ ബെന്നി, കെ.ആർ. ജയകുമാർ, വി.ജെ.ജോസഫ്, സജിത മുരളി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. കെ. പ്രദീപ്‌, ഷാജി മാധവൻ, ജൂലിയറ്റ് ടി. ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജ്യോതി രാജീവ്‌, ജലജ മോഹനൻ, ജയ്നി രാജു, ജ്യോതി ബാലൻ, സിജി അനോഷ്, അഡീഷണൽ  ഡി.എം.ഒ. ഡോ. ആശ കെ., കീച്ചേരി മെഡിക്കൽ ഓഫീസർ ഡോ.അപ്പു സിറിയക്ക്, ബി.ഡി.ഒ. സാബു കെ. മാർക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

date