Skip to main content
വൈപ്പിൻ ടൂറിസം മേള ആർപ്പോ - 2022 കുഴുപ്പിളളി ബീച്ചിൽ കെ.എൻ ഉണ്ണികൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

ആർപ്പോ -2022 ജില്ലയിലെ ടൂറിസം വികസനത്തിന് കരുത്തേകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

 

വൈപ്പിൻ ടൂറിസം മേള കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു 

വൈപ്പിൻ ടൂറിസം മേള ആർപ്പോ -2022 ജില്ലയുടെ തന്നെ ടൂറിസം വികസനത്തിന് കരുത്തേകുമെന്ന് വിനോദ സഞ്ചാര  വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. വൈപ്പിൻ മണ്ഡലത്തിൽ വിപുലമായി ഓണം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ഒരുക്കുന്ന വൈപ്പിൻ ടൂറിസം മേളയ്ക്ക് അദ്ദേഹം ആശംസകൾ നേർന്നു. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വൈപ്പിൻ. മണ്ഡലത്തിന്റെ വികസനത്തിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ ആവിഷ്കരിച്ചിട്ടുള്ള എല്ലാ പദ്ധതികൾക്കും സർക്കാർ ഒപ്പമുണ്ടെന്നും മേളയ്ക്ക് ആശംസ അറിയിച്ച വീഡിയോ സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കി.

ഒരുമയുടെയും സമൃദ്ധിയുടെയും സന്ദേശവുമായി വീണ്ടും ഓണം എത്തിയിരിക്കുകയാണ്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം അതിജീവനത്തിൻ്റെ സന്ദേശവുമായാണ് സംസ്ഥാന സർക്കാർ ഓണം ആഘോഷിക്കുന്നത്. നവകേരളമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. വിനോദ സഞ്ചാര മേഖലയും അടിസ്ഥാന സൗകര്യവികസന മേഖലയും കോവിഡാനന്തര മുന്നേറ്റത്തിൻ്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

നവകേരളത്തെ സൃഷ്ടിക്കാനുള്ള പ്രയാണത്തിൻ്റെ ഭാഗമാണ് ആറു വരെ തുടരുന്ന വൈപ്പിൻ ടൂറിസം മേള ആർപ്പോ -2022 എന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. വൈപ്പിൻ ടൂറിസം മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷങ്ങളിൽ പ്രളയവും കോവിഡും മൂലം സാംസ്കാരിക കൂട്ടായ്മകൾ ഒന്നും നടന്നില്ല. അതുകൊണ്ടാണ് ഇത്തവണ വിപുലമായി ഓണം ആഘോഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സാംസ്കാരിക ഇടങ്ങൾ കുറഞ്ഞു വരികയും അത്തരം സദസ്സുകൾ ചോദ്യം ചെയ്യപ്പെടുകയും ചെയുന്ന ഈ കാലഘട്ടത്തിലെ പച്ചതുരുത്തുകളാണ് ഇത്തരം സാംസ്കാരിക സദസ്സുകളെന്ന് എംഎൽഎ പറഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന ടൂറിസം മേളയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. മണ്ഡലത്തിലെ അനന്തമായ ടൂറിസ്റ്റ് സാധ്യതതയും സുസ്ഥിര വികസനവും ലക്ഷ്യം വച്ചാണ് ഓണാഘോഷം ടൂറിസം മേളയായി നടത്തുന്നതെന്നും  എംഎൽഎ പറഞ്ഞു.  

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ചടങ്ങിൽ മുഖ്യാതിഥിയായി. വിവിധ കലാപരിപാടികൾ ക്രമീകരിച്ചു കൊണ്ടുള്ള വൈപ്പിൻ ടൂറിസം മേള ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മേളയാക്കി 'ആർപ്പോ'യെ മാറ്റണമെന്നും
അദ്ദേഹം പറഞ്ഞു. വൈപ്പിൻ മേഖലയിൽ ടൂറിസം സാധ്യത വളരെ വലുതാണ്. അടുത്ത ഓണക്കാലം എത്തുമ്പോഴേക്കും കുഴുപ്പിളളി ബീച്ചിൻ്റെ മുഖച്ഛായ മാറ്റാനുള്ള പദ്ധതികൾ എല്ലാവരും ചേർന്ന് ആവിഷ്കരിക്കണം. ചിൽഡ്രൻസ് പാർക്ക്, ഓപ്പൺ ജിം തുടങ്ങിയ പദ്ധതികൾ തുടങ്ങാൻ അനുയോജ്യമായ ഇടമാണ് കുഴുപ്പിളളിയെന്നും അദ്ദേഹം പറഞ്ഞു.

കുഴുപ്പിളളി ബീച്ചിൽ നടന്ന പരിപാടിയിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. നിബിൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ പൂയപ്പിള്ളി തങ്കപ്പൻ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ബി പ്രീതി, കൊച്ചിൻ ഷിപ്പിയാർഡ് റിട്ടയേർഡ് മാനേജർ സി.ആർ സീമ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്സൺ, സിഡിഎസ് ചെയർപേഴ്സൺ ലളിത രമേശൻ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കേരള കലാമണ്ഡലത്തിന്റെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി. ടൂറിസം മേളയോടനുബന്ധിച്ച് ബീച്ചിൽ കുടുംബശ്രീയുടെ ഭക്ഷ്യ മേളയും ആരംഭിച്ചിട്ടുണ്ട്. മേള  ഏഴുവരെ തുടരും.

date