Skip to main content
വർണ്ണക്കുട ഓണാഘോഷത്തിൽ ഗായകൻ പി.ജയചന്ദ്രന് ആദരം ഒരുക്കിയപ്പോൾ

ഭാവഗായകന് വര്‍ണ്ണക്കുടയില്‍ ആദരം;  സ്‌നേഹാദരവുമായി ഇരിങ്ങാലക്കുട

 

ഭാവഗായകന്‍ പി ജയചന്ദ്രന് ഇരിങ്ങാലക്കുടയുടെ സ്‌നേഹാദരം. ഓണത്തോടനുബന്ധിച്ച് മണ്ഡലത്തില്‍ നടക്കുന്ന ഓണാഘോഷം വര്‍ണ്ണക്കുടയിലാണ് പ്രിയഗായകന്‍ പി ജയചന്ദ്രന് സ്‌നേഹാദരം ഒരുക്കിയത്. വന്‍ പൗരാവലിയുടെ സാന്നിധ്യത്തില്‍ മന്ത്രിമാരായ വി അബ്ദുറഹ്‌മാനും ഡോ.ആര്‍ ബിന്ദുവും ചേര്‍ന്ന് ജയചന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ചു. ആലാപനസിദ്ധിയുടെയും നാദസൗന്ദര്യത്തിന്റെയും ഗന്ധര്‍വ്വനെ ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. 

ആദരിക്കല്‍ ചടങ്ങിന് ശേഷം ജയചന്ദ്രന്റെ ഭാവഗീതങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ജയരാജ് വാര്യരുടെ ജയചന്ദ്രിക ഗാനമേള സംഗീതപ്രേമികളെ  ഗാനാസ്വാദനത്തിന്റെ മറ്റൊരു ലോകത്തിലേയ്ക്കാനയിച്ചു. ഭാവഗായകനെ നേരില്‍ക്കാണാനും സ്‌നേഹാദര സദസില്‍ പങ്കെടുക്കാനും നൂറുകണക്കിനാളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.

പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ജയചന്ദ്രന് കീര്‍ത്തിപത്രം നല്‍കി. മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മിനിസ്‌ക്രീന്‍ താരം ശിവാനി മേനോന്‍ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ജനസാഗരം തീര്‍ത്തു മുന്‍സിപ്പാലിറ്റിയുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഘോഷയാത്രയും നടന്നു. മന്ത്രി ആര്‍.ബിന്ദു രചിച്ച വര്‍ണ്ണക്കുടയുടെ തീം സോങ്ങ്  ജയചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു.

date