Skip to main content

അതിദരിദ്രർക്കായുള്ള മൈക്രോപ്ലാൻ പുറത്തിറക്കുന്ന ആദ്യ ബ്‌ളോക്കായി കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി: അതിദരിദ്രർക്കായുള്ള മൈക്രോപ്ലാൻ തയാറാക്കിയ ആദ്യബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതിക്ക് കാഞ്ഞിരപ്പള്ളി അർഹമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, കൂട്ടിക്കൽ പാറത്തോട്, കോരുത്തോട് ഉൾപ്പെടെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഒപ്പം ബ്ലോക്ക് പഞ്ചായത്തും അതിദരിദ്രകുടുംബങ്ങൾക്കായുള്ള മൈക്രോ പ്ലാൻ തയാറാക്കി പ്രസിദ്ധീകരിക്കുക വഴിയാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കരസ്ഥമാക്കാനായത്.
 അതിദരിദ്രപട്ടികയിൽ ഉൾപ്പെട്ട 72 കുടുംബങ്ങൾക്ക് ഭക്ഷണം, മരുന്ന്, വാസസ്ഥലം, കുടിവെള്ളം, അടിസ്ഥാനരേഖകൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കത്തക്ക തരത്തിലുള്ള സമഗ്രപ്ലാനാണ് ഓരോ കുടുംബത്തിനുമായി  'പുനർജനി' എന്ന പേരിൽ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്.
 കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കോട്ടയം ദാരിദ്ര ലഘൂകരണ വിഭാഗം പദ്ധതി ഡയറക്ടറും ജില്ലാ നോഡൽ ഓഫീസറുമായ പി.എസ്. ഷിനോയ്ക്കു പകർപ്പു നൽകിക്കൊണ്ട് മൈക്രോ പ്ലാൻ പ്രകാശനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. അതിദരിദ്ര കുടുംബങ്ങൾക്കു കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് സ്‌പോൺസർ ചെയ്ത ഓണക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ ജോർജുകുട്ടി, കെ.ആർ. തങ്കപ്പൻ, ഡയസ് കോക്കാട്ട്, ജയിംസ് പി.സൈമൺ, രേഖാദാസ്, പി.എസ്. സജിമോൻ, സന്ധ്യ വിനോദ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ ടി.എസ്. കൃഷ്ണകുമാർ, വിമല ജോസഫ്, കില ജില്ലാ കോർഡിനേറ്റർ ബിന്ദു അജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീർ, ടി ജെ മോഹനൻ ,പി.കെ പ്രദീപ്, ജോഷി മംഗലം, രത്നമ്മ രവീന്ദ്രൻ, ജൂബി അഷറഫ്, ജയശ്രീ ഗോപിദാസ്, റോട്ടറി ക്ലബ് സെക്രട്ടറി പ്രൊഫ.കെ എസ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസൽ എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥർ, കുടുബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ:

 കാഞ്ഞരിപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത്് അതിദരിദ്രർക്കായുള്ള മൈക്രോ പ്ലാൻ കോട്ടയം ദാരിദ്ര ലഘൂകരണ വിഭാഗം പദ്ധതി ഡയറക്ടർ പി.എസ്. ഷിനോയ്ക്കു നൽകിക്കൊണ്ട് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പ്രകാശനം നിർവഹിക്കുന്നു.

(കെ.ഐ.ഒ.പി.ആര്‍ 2121/2022)

date