Skip to main content

പുഞ്ചക്കൊല്ലി, അളക്കല്‍ കോളനികളില്‍ ജില്ലാകലക്ടര്‍ സന്ദര്‍ശിച്ചു

 

 
ആദിവാസി മേഖലകളിലെ വിവിധ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളക്കല്‍ കോളനികളില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി. ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ കെ.എ.എസ് ട്രെയിനി ഉദ്യോഗസ്ഥര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ മാസം തോറും വിലയിരുത്തി പരിഹാരം കാണുന്നതിന് വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇരു കോളനികളിലെയും എസ്.ടി പ്രൊമോട്ടര്‍മാരുടെ ഒഴിവിലേക്കുള്ള നിയമനം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ ജില്ലാകലക്ടര്‍ ബന്ധപ്പെട്ട ഐ.ടി.ഡി.പി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. വഴിക്കടവില്‍ നിന്ന് കോളനിയിലേക്ക് പുതിയ പാലം നിര്‍മിക്കുന്നതിനായി വനം വകുപ്പുമായി കൂടിയാലോചിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന പ്രൊപ്പോസല്‍ തയാറാക്കും. കോളനി നിവാസികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം നല്‍കുന്നതിനായി ട്രൈബല്‍ പ്ലസ് പദ്ധതി പ്രകാരം 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.പി ജെ.പി.സിക്ക് നിര്‍ദേശം നല്‍കി. നിലവിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പൊതുമേഖലയിലുള്ള റബര്‍ പ്ലാന്റേഷനില്‍ തൊഴില്‍ നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ജില്ലാകലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മൊബൈല്‍ റേഷന്‍ കട വഴി കോളനികളില്‍ ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി എത്തിക്കാനും നിര്‍ദേശിച്ചു. റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവ ലഭ്യമാക്കുന്നതിനായി പ്രത്യേകം ക്യാമ്പ് കോളനിയില്‍ ഒരുക്കാനും തീരുമാനമായി.

 
അളക്കല്‍ കോളനിയിലെ കാലപ്പഴക്കം ചെന്ന വീടുകള്‍ പരിശോധിച്ച് വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഐ.ടി.ഡി.പി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. കോളനി നിവാസികള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനായി വനംവകുപ്പിനോട് നിര്‍ദേശിച്ചു. കോളനിയിലെ നിലവില്‍ പ്രവര്‍ത്തനമില്ലാത്ത ബദല്‍ സ്‌കൂള്‍ കെട്ടിടം അങ്കണവാടിയാക്കി മാറ്റാനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ജന്മനാ കാഴ്ച ശക്തിയില്ലാത്ത ശ്രീരഞ്ജിനി എന്ന കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തുവാനും കുടുംബാംഗങ്ങളോട് ആലോചിച്ച് കുട്ടിയെ നിലമ്പൂരിലെ ബഡ്‌സ് സ്‌കൂളില്‍ ചേര്‍ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാനും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറോട് കലക്ടര്‍ നിര്‍ദേശിച്ചു. കോളനിയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ ദിവസമുണ്ടായ മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന മൂത്തേടം പഞ്ചായത്തിലെ പൂളക്കപ്പാറ ഈങ്ങാര്‍ തോട് പാലത്തിനോട് ചേര്‍ന്ന റോഡും കലക്ടര്‍ സന്ദര്‍ശിച്ചു. റോഡിന്റെ തകരാര്‍ പരിഹരിക്കുന്നതിന് പഞ്ചായത്തിനും തോടിന് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിനും നിര്‍ദേശം നല്‍കി.

ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാറിന് പുറമേ വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, കെ.എ.എസ് ട്രെയ്‌നി ഓഫീസര്‍മാര്‍, വഴിക്കടവ് പഞ്ചായത്ത് അംഗം എം. റൈഹാനത്ത് എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

date