Skip to main content

ഓണം: പൊതുവിപണികളില്‍ പരിശോധന ശക്തിപ്പെടുത്തും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നടപടി

ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണികളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ അറിയിച്ചു. പൊതുവിതരണം ലീഗല്‍ മെട്രോളജി വകുപ്പുകളുടെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എല്ലാ താലൂക്കുകളിലും രൂപീകരിച്ച സ്‌ക്വാഡുകള്‍ പൊതു വിപണിയില്‍ ഉടനീളം പരിശോധന നടത്തും.

ഭക്ഷ്യ വസ്തുക്കളുടെയും, മറ്റു നിത്യോപയോഗ സാധനങ്ങളുടെയും കൃത്രിമ വിലക്കയറ്റം, മായം ചേര്‍ക്കല്‍, അളവ് തൂക്കത്തില്‍ കൃത്രിമം കാണിക്കല്‍, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മറിച്ചുവില്‍പ്പന, പാചകവാതക സിലിണ്ടറുകളുടെ ദുരുപയോഗം തുടങ്ങിയവക്കെതിരെ കര്‍ശനമായ പരിശോധനയും നടപടികളും ഉണ്ടാകും. മധുരമുള്ളതും ഇല്ലാത്തതുമായ ചായ/കാപ്പി/കട്ടന്‍ ചായ/കട്ടന്‍ കാപ്പി എന്നിവക്ക് ഒരേ വില ഈടാക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവ അനുവദനീയമല്ലെന്നും ചായക്കടകളിലും ഹോട്ടലുകളിലും ഇതിന്റെ വിലകാണിച്ചുള്ള പ്രത്യേകം വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുകയും മിതമായ വിലക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ വില്‍ക്കുകയും വേണം. ആവശ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കരുത്. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ ഹോട്ടലുകളിലും മറ്റും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹാവുമാണെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

date