Skip to main content

ഓണത്തിന് 1.65 കോടി രൂപയുടെ പൂക്കള്‍ വിറ്റഴിച്ച് കൃഷിവകുപ്പ് ഉത്പാദിപ്പിച്ചത് 27.5 മെട്രിക് ടണ്‍ പൂക്കള്‍

ഇത്തവണത്തെ ഓണത്തിന് പൂക്കളമൊരുക്കാന്‍ അതിര്‍ത്തി കടന്നെത്തുന്ന പൂക്കളെ കാത്തിരിക്കേണ്ട. അത്തപ്പൂക്കളത്തില്‍ നിറയുക ജില്ലയില്‍ നിന്നുള്ള പൂക്കള്‍. നെല്‍കൃഷിയ്ക്ക് പിന്നാലെ പൂക്കൃഷയിലും പുതിയ ഗാഥകള്‍ രചിക്കുകയാണ് മലപ്പുറം. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെണ്ടുമല്ലി, വാടാര്‍മല്ലി തുടങ്ങിയ പൂക്കളാണ് ജില്ലയിലെ വിവിധയിടങ്ങളിലായി കൃഷിചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവരും കൃഷിയിലേക്ക് ഗ്രാമപഞ്ചായത്തിന്റെ തരിശുരഹിത പഞ്ചായത്ത് തുടങ്ങിയ പദ്ധതിയുടെ ഭാഗമായും ജില്ലയില്‍ പൂക്കൃഷി ചെയ്തു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുള്‍പ്പെടെയുള്ള സംഘടനകളുടെയും നേതൃത്വത്തിലായി ജില്ലയില്‍ ഇതുവരെയായി ഉത്പാദിപ്പിച്ചത് 27.5 മെട്രിക് ടണിലധികം പൂക്കളാണ്. വളാഞ്ചേരി, പെരുമ്പടപ്പ്, തവനൂര്‍ എന്നീ ബ്ലോക്കുകളിലെ കുറ്റിപ്പുറം, എടയൂര്‍, ആതവനാട്, ഇരിമ്പിളിയം, മാറഞ്ചേരി, ആലങ്കോട്, കാലടി, വട്ടംകുളം, എടപ്പാള്‍, തവനൂര്‍, പെരുമ്പടപ്പ് തുടങ്ങിയ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ പൂക്കൃഷി ചെയ്തത്.  ഇവിടങ്ങളിലെ 3.4 ഹെക്ടര്‍ പ്രദേശത്തായാണ് പൂക്കൃഷി ചെയ്തത്. ഈ സീസണില്‍ ഇതുവരെ 1.65 കോടി രൂപയുടെ പൂക്കളുകള്‍ ഹോര്‍ട്ടികോര്‍പ്പും വിവിധ കൃഷിഭവനുകളും വഴി വിറ്റതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) ബി. ശ്രീലത പറഞ്ഞു. ഓണക്കാലം ലക്ഷ്യമിട്ട് നടത്തിയ പൂക്കൃഷി ഹിറ്റായ സന്തോഷത്തിലാണ് കര്‍ഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും. ഇവര്‍ക്ക് വേണ്ടനിര്‍ദേശങ്ങളും പ്രോത്സാഹങ്ങളുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൂടിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിളവാണ് ഇത്തവണ ഉണ്ടായത്. കര്‍ഷകര്‍ ശാസ്ത്രീയമായ കൃഷി രീതികള്‍ അവലംബിച്ചും പൂക്കൃഷിയ്ക്ക് മുതല്‍ക്കൂട്ടായി. വരും വര്‍ഷങ്ങളിലും പൂക്കൃഷി തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

date