Skip to main content

ശുചിത്വത്തില്‍ മാത്രമല്ല പൂക്കച്ചവടത്തിലും അരകൈ നോക്കി വാഴക്കാട് ഹരിത കര്‍മ്മ സേനാംഗങ്ങള്‍

 പ്രതിസന്ധികളുടെ കാര്‍മേഘങ്ങള്‍ നീങ്ങി ഇത്തവണ എത്തിയ ഓണക്കാലത്ത് നാടിന്റെ ശുചിത്വം കാക്കുന്നവര്‍ ഓണപ്പൂവിപണിയിലും അരക്കൈ നോക്കുകയാണ്.  വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളാണ് പൂ കച്ചവടവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ പൂര്‍ണ പിന്തുണയോടെയാണ് സേനാഗംങ്ങള്‍ പൂ കച്ചവടം ചെയ്യുന്നത്. ഓണം ആരംഭിച്ചപ്പോള്‍ തന്നെ സജീവമായ പൂവിപണി ലക്ഷ്യം വച്ച് വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ എടവണ്ണപ്പാറ ടൗണിലാണ്   ഇവര്‍ കച്ചവടം നടത്തുന്നത്. അത്തം നാളില്‍ ആരംഭിച്ച വിപണന സ്റ്റാളിന്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ നിര്‍വഹിച്ചു. ഓരോ ദിവസത്തേക്കും വില്‍പനക്കുള്ള പൂക്കള്‍ കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്നുമാണ് കൊണ്ടുവരുന്നത്.
കോവിഡ് പ്രതിസന്ധികള്‍ മാറി നാടാകെ ഉണര്‍ന്ന ഇത്തവണത്തെ ഓണക്കാലത്ത് ഓണ പൂവിപണിയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും നാടിന്റെ നാനാ തുറകളിലും പൂക്കളമത്സരങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനാല്‍ ഹരിത കര്‍മ്മസേനാഗംങ്ങളുടെ പൂ കച്ചവടവും പൊടിപൊടിക്കുകയാണ്. എക്കാലത്തും ഏറെ ഡിമാന്റുള്ള ഓറഞ്ച്, മഞ്ഞ നിറങ്ങളിലെ ചെണ്ടുമല്ലി, വെളള, മഞ്ഞ ജമന്തിപൂക്കള്‍, വാടാര്‍മല്ലി, റോസ് അരളി, വെള്ള അരളി, ആസ്‌ട്രോ, വിവിധ നിറങ്ങളിലുള്ള റോസുകള്‍ തുടങ്ങിയവയെല്ലാം സ്റ്റാളിലുണ്ട്. പഞ്ചായത്തിലെ 30 ഓളം വരുന്ന സേനാംഗങ്ങള്‍ മാറി മാറിയാണ് സ്റ്റാളുകളില്‍ നില്‍ക്കുന്നത്.  പത്ത് ദിവസം മാത്രം ലക്ഷ്യമാക്കിയുള്ള വിപണിയാണെങ്കിലും ദിനംപ്രതി മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.  പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കുറവായതിനാല്‍ വരുമാന സ്രോതസിനുള്ള ബദല്‍ മാര്‍ഗങ്ങളും കണ്ടെത്തി നല്‍കി പൂര്‍ണ പിന്തുണ നല്‍കുകയാണ് വാഴക്കാട് പഞ്ചായത്ത് ഭരണ സമിതി.   സേനാംഗങ്ങള്‍ക്ക് ഏറെ ചെലവ് വരുന്ന വാഹന വാടക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉടന്‍ തന്നെ ഹരിത കര്‍മ്മസേനക്ക് വാഹനം വാങ്ങി നല്‍കുമെന്നും ഡ്രൈവിങ് പരിശീലനം നല്‍കി ഇവര്‍ക്ക് തന്നെ സ്വയം ഉപയോഗിക്കുന്ന വിധത്തില്‍ ഇത് മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

date