Skip to main content
കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ നടീൽ ഉത്സവം കിഴക്കേ കടുങ്ങല്ലൂരിൽ  കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമീപം

കൃഷിക്കൊപ്പം  എന്നാൽ  ജീവിതത്തിനൊപ്പം : മന്ത്രി പി. പ്രസാദ്

കൃഷിക്ക് ഒപ്പം കളമശ്ശേരി നടീൽ ഉത്സവം നടന്നു

കൃഷിക്കൊപ്പം നിൽക്കുക എന്നാൽ ജീവിതത്തിനൊപ്പം നിൽക്കുക എന്നതാണന്നും കൃഷിയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്നും കൃഷിയാണ് ഭക്ഷണത്തിന്റെ അടിസ്ഥാനമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.

കളമശ്ശേരി നിയോജക മണ്ഡലം എം.എൽ.എയും മന്ത്രിയുമായ പി. രാജീവ് നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ നടീൽ ഉത്സവം കിഴക്കേ കടുങ്ങല്ലൂരിൽ ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നാട് കൃഷിയുടെ പ്രാധാന്യം ഉൾക്കൊണ്ട് കാർഷിക രംഗത്തേക്കിറങ്ങുന്ന കാഴ്ചയാണ് കളമശ്ശേരിക്ക് ഒപ്പം പദ്ധതിയിലൂടെ പ്രകടമാകുന്നത്. ജീവിതത്തിൽ മറ്റുള്ളവയ്ക്ക് നൽകുന്ന പ്രാധാന്യം  കൃഷിക്ക് നൽകുന്നുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണം. കേരളത്തിൽ ഒരു വർഷം 30 ലക്ഷം ടൺ അരി ആവശ്യമാണ്. എന്നാൽ ആവശ്യമായതിന്റെ  21 ശതമാനം അരി മാത്രമാണ്  ഉത്പാദിപ്പിക്കപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ  നിന്നും വരുന്ന അരിയിലും  നമ്മൾ കഴിക്കുന്ന പച്ചക്കറികളിലും സുഗന്ധവ്യഞ്ജനങ്ങളിലും മാരകമായ കീടനാശിനികൾ അടങ്ങിയിരിക്കുന്നതായി പഠനങ്ങളിൽ നിന്നും വ്യക്തമാണ്. ഇതിന് പരിഹാരം കാണുന്നതിനായി നമുക്ക് ആവശ്യമായ പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ സാധിക്കണം. റീജിയണൽ ക്യാൻസർ സെന്ററിന്റെ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത് 20 ശതമാനം മലയാളികൾക്ക് പുകയില മൂലം കാൻസർ ഉണ്ടാകുമ്പോൾ 40  ശതമാനം കാൻസറും ഭക്ഷണത്തിൽ നിന്നും ജീവിത ശൈലിയിലൂടെയുമാണ്. കുഞ്ഞുങ്ങൾക്കെങ്കിലും ഇത്തരം അവസ്ഥ വരരുത്. പണം കൊടുത്ത് ഭക്ഷണസാധനം മാത്രമല്ല മാരക രോഗങ്ങൾകൂടി വാങ്ങുകയാണ്. കൃഷിക്കാരെ സഹായിക്കുന്നതിന്  വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷനിലൂടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉൽപ്പന്നങ്ങളും അവയുടെ  മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിൽക്കുന്നതിനായി കാംകോ എന്ന സ്ഥാപനം ഒരു മാസത്തിനകം രൂപം കൊള്ളും. 25000 കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്. കൃഷിക്കൊപ്പം കളമശ്ശേരി പോലുള്ള പദ്ധതികളിലൂടെ ആരോഗ്യ കേരളം സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി 155  സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സഹകരണം, ജലസേചനം, പഞ്ചായത്ത് , മൃഗസംരക്ഷണം, മത്സ്യബന്ധനം , ടൂറിസം സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബാങ്ക് തലത്തിലും പഞ്ചായത്ത് തലത്തിലും സംഘാടക സമിതികൾ രൂപീകരിച്ചു.എല്ലാ സഹകരണ ബാങ്കുകളുടെയും കീഴിൽ ശില്പശാലകൾ  സംഘടിപ്പിച്ചു. നെല്ല് ,പച്ചക്കറി മത്സ്യം ,മുട്ട ,പാൽ തുടങ്ങിയവ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കുമെന്നും  യോഗത്തിൽ അധ്യക്ഷത വഹിച്ചു മന്ത്രി പറഞ്ഞു.

     കരുമാലൂരിൽ കൃഷി ഓഫീസറെ നിയമിക്കുന്നതിന് ഉത്തരവായി എന്നും കടുങ്ങല്ലൂരിൽ 16 ഹെക്ടർ മാത്രം ഉണ്ടായിരുന്ന കൃഷി 147 ഹെക്ടറിലേക്ക്  വ്യാപിപ്പിക്കാനായന്നും മന്ത്രി പറഞ്ഞു.

     മാഞ്ഞാലി സഹകരണ ബാങ്കിന് കീഴിൽ വിപണിയിലിറക്കുന്ന കൂവപ്പൊടിയുടെ ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി നിർവഹിച്ചു.

      കിഴക്കെ കടുങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച തിരുവോണം എസ്.എച്ച്.ജി ഗ്രൂപ്പിലെ കർഷകനായ  ജിബി ജോർജിൻ്റെ 13 ഏക്കർ കൃഷിയിടത്തിലായിരുന്നു  നടീൽ ഉത്സവം.  തിരുവനന്തപുരം  ഓർഗാനിക് തിയേറ്റർ അവതരിപ്പിച്ച കാർഷിക കലാരൂപമായ 'കടമ്പൻ മൂത്താൻ ' വേദിയിൽ അവതരിപ്പിച്ചു. 

      യോഗത്തിൽ എലൂർ  നഗരസഭാ ചെയർമാൻ എ.ഡി സുജിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ് ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ രവീന്ദ്രൻ , യേശുദാസ് പറപ്പിള്ളി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യാ തോമസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ആർ രാധാകൃഷ്ണൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എഅബൂബക്കർ, ട്രീസാ മോളി, പഞ്ചായത്ത് പ്രസിഡന്റ്മാരായ ശ്രീലത ലാലു (കരമാല്ലൂർ) , സൈന ബാനു( കുന്നുകര ), സുരേഷ് മുട്ടത്തിൽ ( കടുങ്ങല്ലൂർ), പി. എം മനാഫ് (ആലങ്ങാട്), കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജലക്ഷ്മി ബാബുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി .കെ സലിം, അംഗങ്ങളായ പ്രജിത ഗണേഷ്,കെ .എൻ രാജീവ്, എം .കെ ബാബു,പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ് , കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ എൽസി അഗസ്റ്റിൻ , ജോസഫ് ജോഷി വർഗീസ്,കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിദ്യാ ഗോപിനാഥ് ,കരുമാലൂർ കൃഷി ഓഫീസർ നെയ്മാ നൗഷാദ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് മാരായ എസ് അജിത് കുമാർ ,എ. ജി സോമാത്മജൻ, പി .എം സെയ്തു കുഞ്ഞ്, അനില ജോജോ, വി.ഒ ജോണി,പി .ഒ സുരേന്ദ്രൻ , വി.എസ് വേണു ,എ .എം അലി, എം.കെസന്തോഷ്, സി.എസ് ദിലീപ് കുമാർ , ജോളി പൊള്ളയിൽ, ടി.എസ് ജയരാജ്, കെ. ജി ഹരി, വി .എം ശശി, പ്രോഗ്രാം കോ -ഓർഡിനേറ്റർ എം.പി വിജയൻ  പള്ളിയാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

date