Skip to main content
കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീന്‍കേരള കമ്പനിയും ചേര്‍ന്ന് സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മാണത്തിന്റെയും സമ്പൂര്‍ണ ശുചിത്വ പദ്ധതി പ്രവര്‍ത്തനത്തിന്റെയും ഉദ്ഘാടനം കുന്നന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു

കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മാണവും സമ്പൂര്‍ണ ശുചിത്വ പദ്ധതി പ്രവര്‍ത്തനവും കുന്നന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നാലു വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

ആധുനിക സാങ്കേതിക വിദ്യയെ കൃത്യമായി ഉപയോഗിച്ചു കൊണ്ട് നവീകരണ പ്രക്രിയയിലൂടെയുള്ള വളര്‍ച്ചാ വികാസമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക് ഗുണമേന്മയോടെ ജീവിക്കുവാന്‍ സാധിക്കുന്ന ഏറ്റവും മികച്ച കേന്ദ്രമാണ് കേരളം. കെ ഡിസ്‌കിന്റെ ഭാഗമായി ഇരുപതുലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരികയാണ്. അവ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. ഹരിത കര്‍മ്മ സേനയാണ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ശുചിത്വ മേഖലയിലെ സന്നദ്ധസൈന്യം. കേരളം എല്ലാ അര്‍ഥത്തിലും ലോകത്തിനു മാതൃകയാകുന്ന സംസ്ഥാനമാണെന്നും മന്ത്രി പറഞ്ഞു.

 

പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീന്‍കേരള കമ്പനിയും ചേര്‍ന്ന് സംയോജിത പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്‌കരണ വ്യവസായ കേന്ദ്രം ആറു കോടി രൂപാ ചെലവില്‍ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലാണ് നിര്‍മിക്കുന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ചേര്‍ന്ന് 'നിര്‍മ്മല ഗ്രാമം, നിര്‍മ്മലനഗരം, നിര്‍മ്മല ജില്ല' എന്ന പേരില്‍ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് സംയോജിത പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്‌കരണ വ്യവസായ കേന്ദ്രത്തിന്റെ നിര്‍മാണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍  സംസ്‌കരിക്കുകയും വൈവിധ്യവല്ക്കരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഈ കേന്ദ്രത്തില്‍ നടക്കുക. പദ്ധതിയുടെ കാര്യക്ഷമവും സുതാര്യവുമായ നിര്‍വഹണത്തിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പദ്ധതി നിര്‍വഹണ സമിതിയും നിര്‍മാണ ഘട്ടത്തിനു ശേഷം മാലിന്യ/ പാഴ് വസ്തു സംസ്‌കരണ കേന്ദ്രത്തിന്റെ നടത്തിപ്പിന് മാനേജിംഗ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വരുന്ന ബില്‍ഡിംഗും, വിവിധ തരം മെഷിനറികളും ജില്ലയുടെ പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളുടെ ശേഖരണത്തിനും തരം തിരിക്കലിനുമായി 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള മറ്റൊരു ബില്‍ഡിംഗും ഇവിടെ നിര്‍മിക്കും.

 

അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, വൈസ് പ്രസിഡന്റ് സാറാ തോമസ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി.കെ. സുരേഷ് കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date