Skip to main content
തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം- വാരാചരണവും വനാവകാശ കൈവശ രേഖ വിതരണവും ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന സമ്മേളനത്തില്‍ വിളക്ക് തെളിച്ച് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വനാവകാശ കൈവശ രേഖ വിതരണം ചെയ്യുന്നതില്‍ പത്തനംതിട്ട ജില്ല മികച്ച മാതൃക: മന്ത്രി കെ. രാധാകൃഷ്ണന്‍

തദ്ദേശീയ ജനതയ്ക്ക് വനാവകാശ കൈവശ രേഖ വിതരണം ചെയ്യുന്നതില്‍ പത്തനംതിട്ട ജില്ല മികച്ച മാതൃകയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം- വാരാചരണവും വനാവകാശ കൈവശ രേഖ വിതരണവും ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാടിന്റെ മക്കള്‍ക്ക് ഭൂമി നല്‍കുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ഇന്ന് 197 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത്. ജില്ലയിലെ എല്ലാ തദ്ദേശീയരേയും ഭൂമിയുടെ ഉടമകളാക്കുമെന്നും തദ്ദേശീയര്‍ക്ക് ഉന്നമനം ഉണ്ടായാല്‍ മാത്രമേ നമ്മുടെ നാടിനും ഉയര്‍ച്ച ഉണ്ടാകുവെന്നും മന്ത്രി പറഞ്ഞു.

 

തദ്ദേശീയ ജനവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന സമൂഹത്തിനായി അനുവദിക്കുന്ന തുക ഫലപ്രദമായി ഉപയോഗിക്കണമെന്നും തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം എന്നത് വെറും ഒരു ദിവസത്തെ ആഘോഷ പരിപാടികളില്‍ ഒതുക്കാതെ അവര്‍ക്ക് വേണ്ട എല്ലാ ജീവിത സാഹചര്യങ്ങളും ഒരുക്കുകയെന്ന ലക്ഷ്യം കൂടി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

ചടങ്ങില്‍ ജില്ലയിലെ വിവിധ കോളനികളിലെ ഗുണഭോക്താക്കള്‍ക്ക് വനാവകാശ പട്ടയങ്ങള്‍, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡലുകള്‍, ലാപ്ടോപ്പ് തുടങ്ങിയവ മന്ത്രി വിതരണം ചെയ്തു.ജില്ലയിലെ എല്ലാ തദ്ദേശീയ ജനതയ്ക്കും ഭൂമിയെന്ന ലക്ഷ്യം മൂന്ന് മാസത്തിനുള്ളില്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. 197 കുടുംബങ്ങള്‍ക്കായി 45.64 ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് നല്‍കിയത്. വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ ഇതിന് ഊര്‍ജം പകരുന്നു. പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. തദ്ദേശീയ ജനതയ്ക്ക് ഭൂമി ഉടമസ്ഥാവകാശം കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കളക്ടര്‍ സജീവമായ ഇടപെടലുകളാണ് നടത്തിയത്. ഭൂമി ഇല്ലാത്തവര്‍ക്കും ലാന്‍ഡ് ബാങ്കിലൂടെ ഭൂമി വിതരണം ചെയ്യുമെന്നും തദ്ദേശീയ ജനവിഭാഗങ്ങളിലെ കുടുംബങ്ങളിലെ ഒരംഗത്തിന് ജോലി നല്‍കുകയെന്ന ലക്ഷ്യവും മുന്നിലുണ്ടെന്നും എംഎല്‍എ പറഞ്ഞു.

 

ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ് മോഹനന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്.എസ് സുധീര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ശര്‍മ്മ, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, ചിറ്റാര്‍, റാന്നി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ് ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date