Skip to main content

സപ്ളൈകോ ഓഫീസുകളിലും ഔട്ട്ലെറ്റുകളിലും ശുചീകരണ യജ്ഞം

ഗാന്ധിജയന്തിയോടനുബന്ധിച്ച് സപ്ളൈകോ ഓഫീസുകളിലും ഔട്ട്ലെറ്റുകളിലും ശുചീകരണ യജ്ഞം നടത്താൻ സപ്ളൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്ജോഷി നിർദേശിച്ചു.  ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച നീളും.    സപ്ളൈകോ കെട്ടിടങ്ങൾ, പരിസരം, ടോയ്ലെറ്റുകൾ എന്നിവ പൂർണമായും   വൃത്തിയാക്കും. കൊതുകുശല്യവും പകർച്ചവ്യാധി ഭീഷണിയും  തടയാനായി പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും നിർദേശം നല്കിയിട്ടുണ്ട്.  ഉപയോഗശൂന്യമായ ഇ-മാലിന്യം, ബാറ്ററികൾ  എന്നിവ സുരക്ഷിതമായ രീതിയിൽ ഒഴിവാക്കാനും ഡിപോ മാനേജർമാർക്ക് മാനേജിംഗ് ഡയറക്ടർ നിർദേശം നല്കി. ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്ന് പുനരുപയോഗിക്കാവുന്നവ  ഓഫീസ് അലങ്കാരത്തിന് ഉപയോഗിക്കും.  വില്പനക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളല്ലാത്തവ  ഡിപോയ്ക്ക് അകത്ത് വിവിധ കാർട്ടണുകളിൽ സൂക്ഷിക്കാൻ  മാനേജിംഗ് ഡയറക്ടർ  കർശന നിർദേശം നല്കി.  ഔട്ട്ലെറ്റുകളിലെ ശുചീകരണം അതത് ഡിപോ മാനേജർമാർ പരിശോധിക്കും.

ശുചിത്വയജ്ഞം സംബന്ധിച്ച്  മാനേജിംഗ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ   നടന്ന ഓൺലൈൻ യോഗത്തിൽ ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ, സപ്ളൈകോ വിവിധ വിഭാഗം മേധാവികൾ, മേഖലാ മാനേജർമാർ, ഡിപോ മാനേജർമാർ  എന്നിവർ  പങ്കെടുത്തു.

പി.എൻ.എക്സ്.  4543/2022

 

date