Skip to main content

പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ ജില്ലാ സമിതി

 

-ആദ്യ യോഗം ചേർന്നു

കോട്ടയം: പുനസംഘടിപ്പിച്ച ജില്ലാ പ്രവാസി പരാതി പരിഹാര സമിതിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു.സമിതിക്കു മുന്നിൽ 13 അപേക്ഷകളാണ് ലഭിച്ചത്.  പ്രഥമ ലോക കേരള സഭയുടെ ശിപാർശപ്രകാരമാണ് പ്രവാസികളുടെ പരാതി പരിഹാരത്തിനായി ജില്ലാ പ്രവാസി പരാതി പരിഹാര സമിതി രൂപീകരിച്ചത്. 
പ്രവാസി ചികിത്സാ സഹായം, പ്രവാസി ക്ഷേമനിധി, വിദേശത്ത് വച്ച് മരണമടഞ്ഞവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കൽ, വിദേശത്ത് നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കൽ, സ്ഥലം കൈയേറ്റം തുടങ്ങി വിവിധ വിഷയങ്ങളിൽ ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കും നോർക്കയ്ക്കും പ്രവാസി ക്ഷേമനിധി ബോർഡിനും കൈമാറി തുടർനടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. രണ്ടു മാസത്തിലൊരിക്കൽ സമിതി യോഗം ചേരും.
തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ(പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) ആണ് സമിതി കൺവീനർ. പ്രവാസികൾക്ക് പരാതികൾ ഇദ്ദേഹത്തിന് നൽകാം. സമയബന്ധിതമായി പരാതികളിൽ നടപടി സ്വീകരിക്കും.
സമിതി കൺവീനറായ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, സമിതിയംഗങ്ങളായ കെ.ജി. അജിത്ത്, ഫാത്തിമ ഇബ്രാഹിം, എസ്. അനിൽ, നോർക്ക റൂട്ട്സ് റീജണൽ സെന്റർ മാനേജർ കെ.ആർ. രജീഷ്, ഡിവൈ.എസ്.പി. സി. ജോൺ, പ്രവാസി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി.കെ. ഷെഹാൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോകാപ്ഷൻ

പുനസംഘടിപ്പിച്ച ജില്ലാ പ്രവാസി പരാതി പരിഹാര സമിതിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്നപ്പോൾ.

(കെ.ഐ.ഒ.പി.ആർ 2294/2022)

date