Skip to main content

ലഹരിയ്‌ക്കെതിരെ 'സമന്വയം' ക്യാമ്പയിനുമായി കുടുംബശ്രീ ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ ക്യാമ്പയിന് തുടക്കമാകും

ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെ കുടുംബശ്രീ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ ഒന്‍പത് വരെ  'സമന്വയം' എന്ന പേരില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെയുള്ള  ബോധവത്കരണ പ്രവര്‍ത്തനങ്ങളും സേവനങ്ങളും താഴെ     തട്ടിലേക്ക് എത്തിക്കുന്നതിനും ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും കുടുംബത്തിലും സമൂഹത്തിലും അവബോധം  സൃഷ്ടിക്കുന്നതിനുമാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും മാനസിക സാമൂഹിക സാമ്പത്തിക പിന്തുണയും ഉറപ്പുവരുത്തും.

 
ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് അയല്‍ക്കൂട്ടതല ചര്‍ച്ച, പ്രതിജ്ഞ,സംവാദം,ബോധന പദ്ധതി സര്‍വേ,  ബാലസഭാ പ്രത്യേക പ്രവര്‍ത്തനങ്ങള്‍,  അയല്‍ക്കൂട്ടങ്ങളിലും ബാലസഭകളിലും ഓക്‌സിലറി ഗ്രൂപ്പുകളിലും മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെയുള്ള ബോധവത്കരണക്കുറിപ്പ് ചര്‍ച്ച ചെയ്യും. ബാലസഭാ അംഗങ്ങള്‍  പങ്കെടുക്കുന്ന മാരത്തണ്‍, സിഗ്നേച്ചര്‍ ബോര്‍ഡ് /ട്രീ എന്നീ പ്രവര്‍ത്തനങ്ങളും നടത്തും.മദ്യപാന രോഗികളായിട്ടുള്ളവരുടെ ആശ്രിതരെ ഏകോപിപ്പിക്കുക, അവരുടെ    ഭൗതിക ജീവിത സാഹചര്യവും സാമൂഹികാവസ്ഥയും മാനസീകാരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിക്കുന്ന ബോധന പദ്ധതിയില്‍ അംഗമാകാനുള്ള സര്‍വേയും  നടത്തും. ഒക്‌ടോബര്‍ മൂന്നിന് പോസ്റ്റര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. അയല്‍ക്കൂട്ടം, ഓക്‌സിലറി ഗ്രൂപ്പ്, ബാലസഭാ, ജെന്‍ഡര്‍ ക്ലബ്@സ്‌കൂളുകള്‍ , കോളജുകള്‍ എന്നിവിടങ്ങളില്‍ ലഹരിക്കും  അതിക്രമങ്ങള്‍ക്കും  എതിരെയുള്ള പോസ്റ്ററുകള്‍,ഫോട്ടോസ്‌റ്റോറി സീരീസ് എന്നിവ തയ്യാറാക്കി പ്രദര്‍ശിപ്പിക്കും.  ഒക്‌ടോബര്‍ നാലിന്  ഷോര്‍ട്ട് ഫിലിം,ഡോക്യുമെന്ററി എന്നിവയുടെ പ്രദര്‍ശനം നടത്തും.   വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യും. ഒക്ടോബര്‍ അഞ്ചിന് ലഹരി  ഉപയോഗം     മൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടന്ന അതിക്രമം തടയുന്നതിനായി അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഡോക്യൂമെന്റേഷന്‍ നടത്തും.     ജില്ലാ തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ   അയല്‍ക്കൂട്ടത്തെ കണ്ടെത്തി സമ്മാനം നല്‍കും. ഒക്‌ടോബര്‍ ആറിന് ലഹരിയുമായി ബന്ധപ്പെട്ട അതിക്രമം, മദ്യപിച്ചു വാഹനമോടിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍, ലഹരി  ഉപയോഗം മൂലം കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ (മാനസികം, ശാരീരികം) തുടങ്ങിയ വിഷയങ്ങളില്‍ റീല്‍സ് രൂപീകരിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും.

 
ഒക്ടോബര്‍ ഏഴിന് വാര്‍ഡ്തല ബഹുജന ക്യാമ്പയിന്‍ സംഘടിപ്പിക്കും. മറ്റു വകുപ്പ് പ്രതിനിധികളുമായും പ്രദേശത്തെ ലൈബ്രറി, ക്ലബുകള്‍  എന്നിവയുമായും  സംയോജിച്ച്   മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെ  വാര്‍ഡ് തലങ്ങളില്‍ വിജിലന്റ് ഗ്രൂപ്പ്, ഓക്‌സിലറി ഗ്രൂപ്പ് , ബാലസഭാ, അയല്‍ക്കൂട്ട അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബഹുജന ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്. ബോധന പദ്ധതിയില്‍ അംഗമാകാനുള്ള സര്‍വേയിലൂടെ കണ്ടെത്തിയ സ്ത്രീകളെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ എട്ടിന് ബോധന കൂട്ടായ്മ ഓരോ സിഡിഎസിലും രൂപീകരിക്കും. ഒക്‌ടോബര്‍ ഒന്‍പതിന് അയല്‍ക്കൂട്ടങ്ങളില്‍ ലഹരി വിരുദ്ധ സഭ ചേരും.

date