Skip to main content

ലോക സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള കേരള സർക്കാരിന്റെ നിർദ്ദേശത്തെ ഗൗരവമായി പരിഗണിക്കും: നോബൽ പീസ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്റ്റി ഫ്‌ലോഗ്സ്റ്റാഡ്

ലോക സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്റ്റി ഫ്‌ലോഗ്സ്റ്റാഡ് വ്യക്തമാക്കി. നോർവേ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അവർ ഈ ഉറപ്പു നൽകിയത്.  സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്ന സ്ഥാപനമാണ് നോർവേയിലെ നോബൽ പീസ് സെന്റർ.

കേരളം സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ ലോക സമാധാന സമ്മേളനം  സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടിക്കാഴ്ചയിൽ നോബൽ പീസ് സെന്ററുമായി സഹകരിച്ചു ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചു. ഒരു സർക്കാർ ഇത്തരമൊരു സമ്മേളനം വിളിച്ചുചേർക്കുന്നത്  ഏറെ സന്തോഷകരമായ കാര്യമാണെന്ന് ഫ്‌ലോഗ്സ്റ്റാഡ് കൂട്ടിച്ചേർത്തു. സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് തന്റെ തിരക്കുകൾ മാറ്റിവെച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഈ കൂടിക്കാഴ്ചക്ക് തയ്യാറായത്. കേരളത്തിന്റെ ഔദ്യോഗികമായ നിർദ്ദേശം ഈ വിഷയത്തിൽ ലഭിക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്ന് അവർ ഉറപ്പുനൽകി. പീസ് സെന്ററിന്റെ നേരിട്ടുള്ള നേതൃത്വത്തിലല്ലാതെ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറില്ല.  ഒരു സംസ്ഥാന ഭരണകൂടം ഈ നിർദ്ദേശവുമായി മുന്നോട്ടുവന്ന സാഹചര്യത്തിൽ അതുമായി സഹകരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

                              പി.എൻ.എക്സ്.  4679/2022

date