Skip to main content

കുടുംബശ്രീ സാമൂഹ്യമേളകള്‍ക്ക് തിങ്കളാഴ്ച്ച (10) തുടക്കമാകും

 

കുടുംബശ്രീയുടെ ജെന്‍ഡർ വികസന വിഭാഗം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ജെന്‍ഡർ റിസോഴ്സ് സെന്‍ററുകളുടെ വാരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംയോജന പരിപാടിയായ സാമൂഹ്യമേളകള്‍ക്ക് ജില്ലയില്‍ തിങ്കളാഴ്ച്ച (ഒക്ടോബർ 10 ) തുടക്കമാകും. 
നാലാമത്തെ വർഷമാണ് തുടർച്ചയായി സാമൂഹ്യമേള നടത്തപ്പെടുന്നത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഓണ്‍ലൈനായി മേള നടത്തിയിരുന്നു. ജില്ലയിലെ നാല് ലക്ഷത്തോളം വരുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ഇത്തവണത്തെ മേളയുടെ ക്രമീകരണം.  ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒക്ടോബർ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും രണ്ട് ദിവസമായിരിക്കും മേളകള്‍ നടത്തുന്നത്.
    സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ലക്ഷ്യമിട്ട് ജില്ലാ തലത്തില്‍ ആരംഭിച്ചിട്ടുള്ള സ്നേഹിത ജെന്‍ഡർ ഹെല്‍പ് ഡെസ്ക്കിന്‍റെയും പ്രാദേശിക ജെന്‍ഡർ റിസോഴ്സ് സെന്‍ററുകളുടെയും വ്യാപക പ്രചരിണാർത്ഥമാണ് സാമൂഹ്യമേളകള്‍ സംഘടിപ്പിക്കുന്നത്. സമൂഹം എന്ത് കരുതും എന്ന ചിന്തയാല്‍ പുറത്ത് പറയാതെ ഒളിപ്പിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തുന്നതിനും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമായാണ് ജെന്‍ഡർ റിസോഴ്സ് സെന്‍ററുകള്‍ ആരംഭിച്ചിട്ടുള്ളത്.  ജില്ലയില്‍ 95 സി.ഡി.എസുകളിലാണ് ജെന്‍ഡർ റിസോഴ്സ് സെന്‍ററുകൾ സ്ഥാപിച്ചിട്ടുള്ളത്. 38 കമ്മ്യൂണിറ്റി  കൗണ്‍സിലർമാരാണ് ജെന്‍ഡർ റിസോഴ്സ് സെന്‍റർ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
    ഇത്തവണ ജെന്‍ഡർ കാർണിവല്‍ രീതിയിലാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. വിവിധങ്ങളായ ഗെയിമുകളിലൂടെ ജെന്‍ഡർ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പൊതുജനങ്ങള്‍ക്ക് പ്രത്യേക മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കാർഷിക – സൂഷ്മ സംരംഭ വിപണനമേളകള്‍, ലൈവ് തട്ടുകടകള്‍, കലാപരിപാടികള്‍, ഗാനമേള, വയോജന സംഗമങ്ങള്‍, വിളംബര ജാഥകള്‍, പുതിയ അയല്‍ക്കൂട്ടങ്ങള്‍ക്ക് പദ്ധതി പരിചയം, ഓക്സിലറി ഗ്രൂപ്പുകളുടെ സംഗമം, ലഹരി വിരുദ്ധ കിയോസ്ക്കുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് സാമൂഹ്യമേള നാല് – ജെന്‍ഡർ കാർണിവലിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ  എം.ബി പ്രീതി അറിയിച്ചു.

date