Skip to main content
രായമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ ജനക്ഷേമ പദ്ധതികളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു മന്ത്രി കെ. രാധാകൃഷ്ണൻ സംസാരിക്കുന്നു

എല്ലാ ഭവന രഹിതർക്കും പാർപ്പിടം ഉറപ്പാക്കും : മന്ത്രി കെ. രാധാകൃഷ്ണൻ   'മനസോടിത്തിരി മണ്ണ് ' ക്യാംപയിൻ ഭൂമി ഏറ്റുവാങ്ങലും സഞ്ചരിക്കുന്ന ആശുപത്രിയുടെ ഫ്ലാഗ് ഓഫും

ഭവന രഹിതരായ എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. രായമംഗലം ഗ്രാമപഞ്ചായത്തിലെ 
ലൈഫ് ഭവന പദ്ധതിക്കായ് 'മനസോടിത്തിരി മണ്ണ് ' ക്യാംപയിനിന്റെ ഭാഗമായുള്ള ഭൂമി ഏറ്റുവാങ്ങലും സഞ്ചരിക്കുന്ന ആശുപത്രിയുടെ പുതിയ ആംബുലൻസിന്റെ ഫ്ലാഗ്ഓഫും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വന്തമായി ഭൂമി ഇല്ലാത്തവർക്കും പാർപ്പിടമില്ലാത്തവർക്കും ഒരു വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ സർക്കാർ തീവ്രമായി ശ്രമിച്ചുവരികയാണ്. സർക്കാർ മാത്രം വിചാരിച്ചാൽ പൂർണമായും അത് സാധ്യമാക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇക്കാര്യത്തിൽ വ്യക്തികളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ആവശ്യമാണ്. അതുമായി ബന്ധപ്പെട്ട് രായമംഗലം ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

വയോജനങ്ങൾക്കായി ഒരു സഞ്ചരിക്കുന്ന ആശുപത്രി എന്ന പദ്ധതിയും മാതൃകാപരമാണ്. ഇത്തരം ജനക്ഷേമകരമായ കൂടുതൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ഭരണ സമിതിക്ക് കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. 

ബോബി ജോർജ്ജ് പരത്തുവയലിൽ എന്ന വ്യക്തിയാണ്  'മനസോടിത്തിരി മണ്ണ് ' ക്യാംപയിനിന്റെ ഭാഗമായി ആറര സെന്റ് ഭൂമി സംഭാവനയായി നൽകിയത്. എറണാകുളം പ്രണവം ചാരിറ്റബിൾ സൊസൈറ്റിയാണ് സഞ്ചരിക്കുന്ന ആശുപത്രിക്കായി ആംബുലൻസ് സ്പോൺസർ ചെയ്തത്.

 സംസ്ഥാന കായകൽപ  അവാർഡും, നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (NQAS) അംഗീകാരവും നേടിയ രായമംഗലം 
കുടുംബാരോഗ്യകേന്ദ്രത്തിലെ  ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. പരിപാടിയോടാനുബന്ധിച്ച്  എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള  അനുമോദനവും സംഘടിപ്പിച്ചിരുന്നു.

ഉദ്ഘാടന ചടങ്ങിൽ രായമംഗലം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ അധ്യക്ഷത വഹിച്ചു. 
ബെന്നി ബഹനാൻ എം.പി, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷൈമി വർഗീസ്, മനോജ് മൂത്തേടൻ, ശാരദ മോഹൻ, ജില്ലാ മെഡിക്കൽ ഓഫീസർ എസ്. ശ്രീദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി, മറ്റ് ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ  പങ്കെടുത്തു.

date