Skip to main content
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 നോടനുബന്ധിച്ച്  ജില്ലാതല ഉപദേശക സമിതി അംഗങ്ങൾക്കും എസ്. സി പ്രൊമോട്ടർ മാർക്കും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച  ബോധവൽക്കരണ ക്ലാസ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ കളക്ടർ ഡോ. രേണു രാജ്  സമീപം.

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: സെമിനാർ സംഘടിപ്പിച്ചു

 

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 നോടനുബന്ധിച്ച് ജില്ലാതല ഉപദേശക സമിതി അംഗങ്ങൾക്കും എസ്. സി. പ്രൊമോട്ടർമാർക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. 

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവർക്കെതിരെയുള്ള ചൂഷണങ്ങൾ തടയുന്നതിനും നിയമങ്ങളെക്കുറിച്ച്  ബോധവാന്മാരാകേണ്ടത് അനിവാര്യമാണ്. ഇതുവഴി സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉന്നതിയിലേക്ക് പാർശ്വവൽക്കരിക്കപെട്ട  ജനവിഭാഗങ്ങളെ  നയിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 ജില്ലാ കളക്ടർ ഡോ. രേണു രാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് നിയമത്തിന്റെ പരിരക്ഷ ഉറപ്പുവരുത്താനും അതിക്രമങ്ങളും ചൂഷണങ്ങളും തടയുവാനും നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഇത്തരം ക്ലാസുകൾ അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു.

പട്ടികജാതി പട്ടികവർഗ്ഗ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഈ വിഭാഗങ്ങൾ ക്കെതിരെയുള്ള ചൂഷണങ്ങൾ തടയുക തുടങ്ങിയ ലക്ഷ്യത്തോടെ" പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം" എന്ന വിഷയത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.  

ചടങ്ങിൽ പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ സംഗ്രഹം  ജില്ലാ കളക്ടർ ഡോ. രേണു രാജ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന് നൽകി പ്രകാശനം ചെയ്തു.

 ജില്ലാ പഞ്ചായത്ത് അംഗം പി.എം. നാസർ, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ബി. ആർ.ഷിബു, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.സന്ധ്യ, അഡ്വ. പി. ജി. സുരേഷ്, എം. പി. എൽദോസ്, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ വിൽസൺ മത്തായി തുടങ്ങിയവർ പങ്കെടുത്തു.

date