Skip to main content

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം: ജില്ലയിൽ വിപുലമായ പരിപാടികൾ

 

ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. രേണു രാജ്  നിർവഹിക്കും 

ദുരന്ത സാക്ഷരതാ പരിപാടികളിലൂടെ സമൂഹത്തിൽ ദുരന്ത പ്രതിരോധാവബോധം സൃഷിക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടപ്പിലാക്കുന്ന" സജ്ജം " പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ  ഒക്ടോബർ 13ന് (വ്യാഴം )ജില്ലയിൽ വിപുലമായ പരിപാടികൾ അരങ്ങേറും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം എസ്.ആർ.വി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 10ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവഹിക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിക്കും.

മുന്നൊരുക്കങ്ങളും മുന്നറിയിപ്പുകളും എല്ലാവരിലേക്കും എന്ന സന്ദേശത്തോടെയാണ് ഈ വർഷം അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം ആചരിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യം, ഫയർ ആൻഡ് റെസ്ക്യൂ, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടക്കും. എല്ലാ താലൂക്കുകളിലും വിദ്യാലയങ്ങളിൽ മോക്ക്ഡ്രിൽ, ഓരോ ഫയർസ്റ്റേഷന്റെയും പരിധിയിൽ വരുന്ന വിദ്യാലയങ്ങളിൽ സുരക്ഷാ പരിശീലന ക്ലാസുകൾ, എല്ലാ ആരോഗ്യ ബ്ലോക്കുകളുടെ പരിധിയിലും കുട്ടികൾക്ക് പ്രാഥമിക ശുശ്രൂഷ പരിശീലന ക്ലാസ്സുകൾ എന്നിവ നടക്കും. എല്ലാ വിദ്യാലയങ്ങളിലും അന്താരാഷ്ട്ര ദുരന്ത നിവാരണ സന്ദേശം വായിക്കും.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ദുരന്തനിവാരണം  ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, ജില്ലാ മെഡിക്കൽ ഓഫീസർ എസ്. ശ്രീദേവി, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

date