Skip to main content

കുടുംബശ്രീ സാമൂഹ്യമേള സംഘടിപ്പിച്ചു

 

കുടുംബശ്രീ തിരുവാണിയൂർ സി.ഡി.എസിന്റെ നേതൃത്വത്തിൽ സാമൂഹ്യ മേള സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ജെന്‍ഡർ റിസോഴ്സ് സെന്‍റർ വാരാഘോഷത്തിന്റെ ഭാഗമായാണ്  പരിപാടി സംഘടിപ്പിച്ചത്. വെണ്ണിക്കുളം ട്രയാങ്കിൾ പാർക്കിൽ നടന്ന മേളയുടെ ഉദ്ഘാടനം തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു. 

വിവിധ പരിപാടികളിലൂടെ ലിംഗപദവിയുമായി ബന്ധപ്പെട്ട ആശയങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിനാണ് ജെന്‍ഡർ കാർണിവലിന്റെ മാതൃകയിൽ സാമൂഹ്യ മേള സംഘടിപ്പിച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന മേളയിൽ ലിംഗ പദവിയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ, വിപണന മേളകൾ, കുടുംശ്രീ - ബാലസഭ അംഗങ്ങളുടെ കലാപരിപാടികൾ,  ഗാനമേള, വയോജന സംഗമങ്ങള്‍, വിളംബര ജാഥകള്‍, പുതിയ അയല്‍ക്കൂട്ടങ്ങള്‍ക്ക് പദ്ധതി പരിചയം, ഓക്സിലറി ഗ്രൂപ്പുകളുടെ സംഗമം, ലഹരി വിരുദ്ധ കിയോസ്ക്കുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. 

ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന നന്ദകുമാർ, തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു കൃഷ്ണകുമാർ, അംഗങ്ങളായ ബിജു മനോഹരൻ, സജി പീറ്റർ, ബിജു വി. ജോൺ, ഷൈനി ജോയ്, സജിനി സുനിൽ, എം.എൻ. മനു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.യു ജയകുമാർ, സി.ഡി.എസ് അധ്യക്ഷ അജിത നാരായണൻ, ഉപാധ്യക്ഷ നിത സജീവൻ തുടങ്ങിയവർ സന്നിഹിതരായി. 

കുടുംബശ്രീ സ്നേഹിത ജെന്‍ഡർ ഹെല്‍പ് ഡെസ്ക്കിന്‍റെയും പ്രാദേശിക ജെന്‍ഡർ റിസോഴ്സ് സെന്‍ററിന്റെയും പ്രചാരണാർത്ഥമാണ് മേള നടത്തിയത്. ഒക്ടോബർ 10 മുതല്‍ 15 വരെ ജില്ലയിലെ മുഴുവൻ സി.ഡി.എസുകളിലും  സാമൂഹ്യമേളകൾ നടക്കുന്നുണ്ട്.

date