Skip to main content

തെരുവുനായ്ക്കളെ പിടികൂടുന്നതിന് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി

 

 തെരുവുനായ്ക്കളെ പിടികൂടുന്നതിനും വാക്സിനേഷൻ നൽകുന്നതിനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി. നായകളെ കൈകാര്യം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് എത്തിയവർക്കും, കുടുംബശ്രീ വഴി തിരഞ്ഞെടുത്തവർക്കുമാണ് ആലുവ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി പരിശീലനം നൽകിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

 തെരുവുനായ്ക്കളെ പിടികൂടുന്ന തിനുള്ള  ക്ലാസ്സും, പ്രായോഗിക പരിശീലനവും ഇവർക്ക് നൽകി.നായകളുടെ പെരുമാറ്റം,സ്വഭാവ സവിശേഷതകൾ,എബിസി നിയമങ്ങൾ, പേവിഷബാധ,വാക്സിനേഷൻ ക്രമവും രീതിയും,തുടങ്ങിയ വിഷയങ്ങളിലാണ് ആദ്യ ദിവസം ക്ലാസുകൾ നൽകിയത്. മൃഗസംരക്ഷണ വകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടർ ഡോ. ബേബി ജോസഫ് ക്ലാസുകൾ നയിച്ചു. നായ്ക്കളെ പിടി കൂടേണ്ട രീതിയെക്കുറിച്ചും വാക്സിനേഷൻ നൽകേണ്ട വിധത്തെ കുറിച്ചും ക്ലാസ്സുകളും പ്രായോഗിക പരിശീലനവുമാണ് രണ്ടാം ദിനം നൽകിയത്.

അക്രമകാരികളായ നായകളെ  ബട്ടർഫ്ലൈ നെറ്റ് ഉപയോഗിച്ച് വലവീശി ശാസ്ത്രീയമായി പിടിക്കുന്നതിനും പിടികൂടിയതിനുശേഷം നിയന്ത്രിക്കേണ്ട വിധത്തെക്കുറിച്ചും പ്രായോഗിക പരിശീലനം നൽകി.ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ പരിശീലകരായ  രമേശ്‌ പുളിക്കൽ ,അമ്പിളി പുളിക്കൽ, ടി. ജെ കൃഷ്ണൻ തുടങ്ങിയവർ അടങ്ങുന്ന സംഘം പ്രായോഗിക പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിശീലനം പൂർത്തിയായ ഇവരെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എ.ബി.സി പ്രോജക്ടിന്റെ ഭാഗമായും, നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനും നായ്ക്കളെ പിടികൂടാനുമായി നിയോഗിക്കും.

date