Skip to main content
ഡിജിറ്റൽ ഭൂ സർവേ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ.രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം

ഡിജിറ്റൽ ഭൂ സർവേ: ജില്ലാതല ഉദ്ഘാടനം  കണയന്നൂർ വില്ലേജിൽ 

 

      ഡിജിറ്റൽ ഭൂ സർവേയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനവും സർവേയുടെ ഭാഗമായുള്ള കോർ സ്റ്റേഷൻ ഉദ്ഘാടനവും നവംബർ ഒന്നിന് നടത്തുമെന്ന്  ജില്ലാ കളക്ടർ ഡോ. രേണു രാജ് പറഞ്ഞു.  ഡിജിറ്റൽ സർവേ ജില്ലയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കാക്കനാട് കളക്ടറേറ്റിൽ നടന്ന ഇംപ്ലിമെന്റേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

     ഡിജിറ്റൽ സർവേ ഉദ്ഘാടനത്തിനായി ചോറ്റാനിക്കര പഞ്ചായത്തിലെ കണയന്നൂർ വില്ലേജിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.  ഡിജിറ്റൽ സർവേ കൂടുതൽ ജനകീയമാക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ സർവേ സഭകൾ ആരംഭിച്ചിട്ടുണ്ട്. എന്താണ് ഡിജിറ്റൽ സർവേ എന്ന് സർവേ സഭകളിലൂടെ ജനങ്ങൾക്ക് വ്യക്തമായ ധാരണ ലഭിക്കും. ഒക്ടോബർ 13 മുതൽ 25 വരെ സർവേ സഭകൾ വാർഡ് തലത്തിൽ ജില്ലയിൽ നടപ്പിലാക്കും.

ആകെ 13 വില്ലേജുകളിലായാണ്  ജില്ലയിൽ ഒന്നാംഘട്ട ഡിജിറ്റൽ സർവേ നടക്കുന്നത്. ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിലാണ് കോർസ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. ഡിജിറ്റൽ സർവേയിലേക്കായി  95 സർവേയർമാരെ താൽക്കാലികമായി ജില്ലയിൽ നിയമിക്കും. എഴുത്ത് പരീക്ഷ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി സർവേ ഡെപ്യൂട്ടി ഡയറക്ടറുടേയും അസിസ്റ്റന്റ് ഡയറക്ടറുടേയും നേതൃത്വത്തിൽ രണ്ട് ടീമുകളെ ചുമതലപ്പെടുത്തും.

       യോഗത്തിൽ സർവേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ സുനിൽ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജെസി ജോൺ, റീസർവേ അസിസ്റ്റന്റ് ഡയറക്ടർ എ.എ രാജൻ, കൊച്ചി താലൂക്ക് തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ, മൂവാറ്റുപുഴ താലൂക്ക് തഹസിൽദാർ (എൽ. ആർ) പി.പി അസ്മാ ബീവി, റീസർവേ സൂപ്രണ്ട് വി.അബ്ദുൾ കലാം ആസാദ്, കോതമംഗലം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പി.ജെ ഉണ്ണികൃഷ്ണൻ, ആലുവ റീസർവേ സൂപ്രണ്ട് ഇ.എ ജെല്ലി, തൃപ്പൂണിത്തുറ റീ സർവേ സൂപ്രണ്ട് ടി.എൻ മധു, ഫോർട്ട്കൊച്ചി താലൂക്ക് ജൂനിയർ സൂപ്രണ്ട്   പി.എം മഹമൂദ് തുടങ്ങിയവർ പങ്കെടുത്തു.

date