Skip to main content
എറണാകുളം എക്സൈസ് മേഖല ഓഫീസ് ചുറ്റുമതിലിൽ വിദ്യാർത്ഥികൾ ചുമർ ചിത്രം വരക്കുന്നു

ലഹരിയിൽ നിന്ന് ജീവിതത്തിലേക്കുള്ള ദൂരമെത്ര?  ഒരു കൈയകലമെന്ന് ഓർമിപ്പിച്ചു എക്സൈസ് മേഖല ഓഫീസ്

 

ലഹരിയിൽ നിന്ന് ജീവിതത്തിലേക്കൊരു കൈയകലം മാത്രമാണുള്ളതെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് എറണാകുളം എക്സൈസ് മേഖല ഓഫീസ്. ഓഫീസിന്റെ ചുറ്റുമതിലിൽ ഓർമപ്പെടുത്തൽ മനോഹരമാക്കാൻ കൂടെ നിന്നതാവട്ടെ സൗത്ത് ചിറ്റൂരിലെ എസ്. ബി. ഒ. എ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും.

സൗത്ത് ചിറ്റൂർ എസ്. ബി. ഒ. എ സീനിയർ സെക്കന്ററി സ്കൂളിൽ പുതുതായി ആരംഭിച്ച വിമുക്തി ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം എന്ന നിലയിലാണ് കച്ചേരിപ്പടി എക്സൈസ് മേഖല ഓഫീസിലെ ചുമരുകൾ മനോഹരമാക്കിയത്. ലഹരി വിരുദ്ധ സന്ദേശങ്ങൾക്കൊപ്പം ലഹരിയുടെ ദൂഷ്യ ഫലങ്ങൾ കൂടി പങ്കു വയ്ക്കുന്ന ചിത്രങ്ങളാണ് ഓഫീസിന്റെ ചുറ്റുമതിലിൽ വരക്കുന്നത്. സ്കൂളിലെ ചിത്ര അധ്യാപകനായ സഞ്ജയ്‌ മേനോന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ്സ് മുതൽ 12ാം ക്ലാസ്സ്‌ വരെയുള്ള 11 വിദ്യാർത്ഥികൾ ചേർന്നാണ് ചുമർ ചിത്രം തയ്യാറാക്കുന്നത്.

സർഗാത്മക ഇടപെടലുകളുടെ കുറവ് വിദ്യാർത്ഥികളെ ലഹരിക്ക് അടിമയാക്കുന്ന കാരണങ്ങളിൽ ഒന്നാണെന്നും ഇത്തരത്തിലുള്ള ഇടപെടലുകൾ ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ. ജയചന്ദ്രൻ പറഞ്ഞു.

ഒക്ടോബർ 12 മുതൽ 15 വരെയാണ് വിമുക്തി പഥ് എന്ന പേരിൽ ചുമർ ചിത്ര രചന നടത്തുന്നത്. ശനിയാഴ്ച (ഒക്ടോബർ 15) ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ ചുമർ ചിത്ര രചനയിൽ പങ്കാളികളായ വിദ്യാർത്ഥികളെയും അധ്യാപകരെയും എക്സൈസ് വകുപ്പ് അഭിനന്ദിക്കും.

date