Skip to main content
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് കെട്ടിടനവീകരണ പ്രവർത്തനങ്ങൾ പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം  നവീകരണത്തിന് തുടക്കം; 1.32 കോടി രൂപയുടെ പദ്ധതി

 

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആകെ 1.32 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്  പഞ്ചായത്തിൽ ആരംഭിക്കുന്നത്. ഈ പദ്ധതി വര്‍ഷം 1.12 കോടി രുപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.   കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. 

2002 ല്‍ പണിത  കെട്ടിടത്തില്‍ ഒട്ടേറെ പരിമിതികൾക്കിടയിലാണ് പഞ്ചായത്തിലെ വിവിധ ഓഫിസുകള്‍ നിലവില്‍  പ്രവർത്തിക്കുന്നത്. പഞ്ചായത്തിന് കൈമാറി തന്ന വിവിധ ഓഫീസുകള്‍ക്ക് ആവശ്യമായ മുറികള്‍ നല്‍കിയിട്ടില്ല. ഇതിനെല്ലാം പരിഹാരമായി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
താഴത്തെ നിലയിലെ നിലവിലുളള പാർക്കിംഗ് സൗകരൃങ്ങള്‍ നിലനിര്‍ത്തിയും രണ്ട് നിലകളിലായി പഴയ കെട്ടിടത്തിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ്  കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകി ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തും.
ഓഫീസ് വളപ്പ് ചുറ്റുമതിൽ കെട്ടി പ്രവേശന കവാടം നിർമ്മിക്കും. പി.ഡബ്ല്യു ഡി റോഡും  പഞ്ചായത്ത് ഓഫീസും തമ്മിലുള്ള അകലം വർദ്ധിപ്പിക്കുന്ന രീതിയിൽ കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തും. വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കും, ജീവനക്കാർക്കും ജനപ്രതിനിധികള്‍ക്കും സൗകര്യപ്രദമായി ഇരിക്കുന്നതിനും വിശ്രമ സൗകര്യത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഭവന്‍ താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കും.

കമ്മറ്റി റൂം, സ്ത്രീ സൗഹൃദ ശുചിമുറികൾ, ഭരണ സമിതി ഭാരവാഹികള്‍ക്ക് ഓഫീസ് മുറികള്‍ തുടങ്ങിയ  സൗകര്യങ്ങൾ പുതിയ കെട്ടിടത്തിലുണ്ടാകും. 

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എം. മുഹമ്മദ് അൻവർ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍  ഓമന ശിവശങ്കരൻ, പൊതുമരാമത്ത്  വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ സിയാദ് പറമ്പത്തോടത്ത്, ആസൂത്രണ സമിതി അംഗം ഉഷ അശോകൻ, മറ്റ് പഞ്ചായത്ത് അംഗങ്ങളായ സജിത അശോകൻ , എം.കെ ബാബു, ഷാഹിന ബീരാൻ, റമീന അബ്ദുള്‍ ജബ്ബാർ , കൃഷി ഓഫീസർ നെയ്മ നാഷാദലി, അസിസ്റ്റന്റ് എഞ്ചിനീയർ കെ.എസ് സജന, എം. എ ഫിറോസ് ഖാൻ, സി.വി തല്‍ഹത്ത്  തുടങ്ങിയവർ പങ്കെടുത്തു.

date