Skip to main content

വിദ്യാർത്ഥികൾക്ക് സൗജന്യ കപ്പൽയാത്രയുമായി ടൂർഫെഡ്

*സംസ്ഥാനതല ഉദ്ഘാടനം 24ന് കുമരകത്ത്*

          സാധാരണക്കാർക്ക് കടൽയാത്ര ഒരുക്കി ശ്രദ്ധ നേടിയ ടൂർഫെഡിന്റെ അറേബ്യൻ സീ പായ്‌ക്കെജ് വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നു.  വിനോദയാത്രകൾക്ക് അവസരം ലഭിക്കാത്ത കുട്ടികൾക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്ത് .  സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. മാസത്തിൽ രണ്ടു തവണയായി 50 വിദ്യാർത്ഥികളെയാണ് കടൽ യാത്രയ്ക്കായി കൊണ്ടു പോവുക. ദീപാവലി ദിവസം (ഒക്ടോബർ 24) രാവിലെ ആദ്യ സംഘം കുമരകത്ത് നിന്ന് യാത്ര തിരിക്കും.

          ബസ്സിൽ കൊച്ചിയിലെത്തുന്ന സംഘം അവിടെ നിന്നാണ് വൺഡേ വണ്ടർ യാത്രയുടെ ഭാഗമാവുന്നത്. കുമരകത്ത് നടക്കുന്ന ചടങ്ങിൽ സഹകരണ സാംസ്‌കാരിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ  കുട്ടികൾക്കായുള്ള ആഡംബര കപ്പൽ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

          ടൂർഫെഡിന്റെ അറേബ്യൻ സീ പായ്‌ക്കേജിലൂടെ ഇതുവരെ ഒരു ലക്ഷംപേർ കൊച്ചിയിലെ കപ്പൽയാത്ര ആസ്വദിച്ചു. കുട്ടികളുടെ വിനോദയാത്രയ്ക്ക് പുറമെ അശരണരായ ആളുകൾക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതിയും ടൂർ ഫെഡ് ഒരുക്കുന്നുണ്ട്.

പി.എൻ.എക്സ്.  4971/2022

date