Skip to main content

കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍  കേരഗ്രാമം പദ്ധതിക്ക് അനുമതി

 

    സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതിയായ കേരഗ്രാമം പദ്ധതിക്ക് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുമതി ലഭിച്ചു. നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷങ്ങളിലായാണു പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ പദ്ധതിക്കായി 25.67 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

     പദ്ധതിയുടെ ഭാഗമായി 100 ഹെക്ടര്‍ കൃഷിയിടത്തിനു  സഹായം ലഭിക്കും. രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തൈകള്‍ നടല്‍, തൈ വിതരണം, തെങ്ങിന് തടം തുറക്കാന്‍ സഹായം, സബ്‌സിഡി നിരക്കില്‍ രാസ-ജൈവ വളം നല്‍കല്‍, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കല്‍,  തെങ്ങുകയറ്റത്തിനുള്ള യന്ത്രങ്ങള്‍ നല്‍കല്‍, ഇടവിള കൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിലൂടെ നടപ്പിലാക്കും. 

    സര്‍വ്വേ നടപടികളിലൂടെ പദ്ധതി നടപ്പാക്കേണ്ട കൃഷി ഇടങ്ങള്‍ കണ്ടെത്തി, പ്രവര്‍ത്തന പദ്ധതി രൂപീകരിച്ചതിനു ശേഷം പദ്ധതിക്ക് പഞ്ചായത്തില്‍ തുടക്കമാകും. നാളികേര മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി കേര കര്‍ഷകര്‍ക്കു കൈത്താങ്ങായി മാറും.

date