Skip to main content

റവന്യൂ ജില്ലാ ശാസ്ത്രോത്സവം; ലോഗോ ക്ഷണിച്ചു

 

മൂവാറ്റുപുഴയില്‍ നടക്കുന്ന ഈ വര്‍ഷത്തെ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിനായി ലോഗോ ക്ഷണിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കാണ് ലോഗോ തയ്യാറാക്കാനുള്ള അവസരം. ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍  സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കിയ ലോഗോ ഈ മാസം 21ന് മുന്‍പായി ddeekm@gmail.com എന്ന ഇ- മെയില്‍ മുഖേന സമര്‍പ്പിക്കണം. സബ്ജക്ട് ലൈനില്‍ 'റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2022 - 23 ലോഗോ' എന്ന് രേഖപ്പെടുത്തി വേണം അയക്കാന്‍. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഉദ്ഘാടന സമ്മേനത്തില്‍ പുരസ്‌കാരം നല്‍കും.

കോവിഡിന് ശേഷം ജില്ലാ തലത്തില്‍  വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ആദ്യ മേളയാണ് ശാസ്ത്രോത്സവം. നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ മൂവാറ്റുപുഴ നഗരത്തിലെ പ്രധാനപ്പെട്ട അഞ്ച് സ്‌കൂളുകളിലായാണ് മേള നടക്കുന്നത്.  ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്ര മേള, ഐ.ടി മേള, വൊക്കേഷണല്‍ എക്സ്പോ എന്നിവയാണ് ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്നത്. നവംബര്‍ ഒന്നിന് രജിസ്ട്രേഷനും രണ്ട്, മൂന്ന് തീയതികളില്‍ മത്സരങ്ങളും പ്രദര്‍ശനവും നടക്കും. 

നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. പ്രധാന വേദിയായ ഇവിടെ തന്നെയാണ് ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ നടക്കുക. ഗണിത ശാസ്ത്രമേളയ്ക്ക് എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സാമൂഹ്യ ശാസ്ത്ര മേള, ഐ.ടി മേള എന്നിവയ്ക്ക് സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹൈസ്‌കൂളുമാണ് വേദി. പ്രവര്‍ത്തി പരിചയ മേളയ്ക്ക് മോഡല്‍ ഹയര്‍ സെക്കഡറി സ്‌കൂളും വൊക്കേഷണല്‍ എക്സ്പോയ്ക്ക് തര്‍ബിയത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ആതിഥേയത്വം വഹിക്കും.  

ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കോട്ടയം, എറണാകുളം ജില്ലകളിലെ 65 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂകളിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനനവും വിപണനവും ഒരുക്കുന്നുണ്ട്.

date