Skip to main content
ഹരിത മിത്രം ആപ്പിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു

ഹരിത മിത്രം ഗാര്‍ബേജ് ആപ്പ് ഇനി ചേന്ദമംഗലത്തും

 

പാഴ് വസ്തു പരിപാലനത്തിന് ഹരിതമിത്രം ഗാര്‍ബേജ് ആപ്പുമായി ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്. ആപ്പ് മുഖേന പാഴ്‌വസ്തു ശേഖരണം ആരംഭിക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ആപ്പിന്റെ ക്യൂ.ആര്‍ കോഡ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഹരിത മിത്രം ആപ്ലിക്കേഷന്‍ പദ്ധതിയില്‍ മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ മോണിറ്റര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവരുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം.

വീടുകള്‍, കടകള്‍, ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, ആരാധനാലയങ്ങള്‍ , പൊതുസ്ഥലങ്ങള്‍ തുടങ്ങി മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെയും വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാവും. ഹരിതകര്‍മ്മ സേനയുടെ യൂസര്‍ ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാന്‍ സാധിക്കും. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ഫീസുകള്‍ അടയ്ക്കുന്നതിനുമുള്ള സംവിധാനവും ഇതിലൂടെ സാധ്യമാകുന്നു എന്നതാണ് ആപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.

കൂടാതെ മലിനീകരണ പ്രശ്‌നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. എം.സി.എഫ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി )/ മിനി എം.സി.എഫ് തുടങ്ങിയവയുടെ ലൊക്കേഷന്‍ മാപ്പ്, മാലിന്യവും പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാരദിശ ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ട്രാക്ക് ചെയ്യല്‍ എന്നിവയും ഇതിലൂടെ ഉറപ്പാക്കാനാവും.

date