Skip to main content

മൂവാറ്റുപുഴ ജനറല്‍ ആശുപത്രി  മാതൃ ശിശു ബ്ലോക്ക് നവീകരണത്തിന്  6.40 കോടി രൂപ അനുവദിച്ചു

 

    
    മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ നവീകരണത്തിനായി 6.40 കോടി രൂപ അനുവദിച്ചു. സ്ത്രീ സൗഹൃദമായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയെ മാറ്റുന്നതിന്റെ ഭാഗമായി മാതൃശിശു ബ്ലോക്കിന്റെ  നവീകരണത്തിനാണു തുക അനുവദിച്ചത്. 

    ഗര്‍ഭിണികള്‍ക്കു മികച്ച ചികിത്സാ സൗകര്യമൊരുക്കി സംസ്ഥാനത്തെ ആദ്യ സ്ത്രീ സൗഹൃദ ആശുപത്രിയായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി കെട്ടിടം നവീകരിക്കുന്നത്. വാപ്‌കോസ് എന്ന  കണ്‍സള്‍ട്ടന്‍സിയാണ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

    ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നൂറുകണക്കിനാളുകളാണു ദിവസവും ചികിത്സ തേടിയെത്തുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജനറല്‍ ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ പറഞ്ഞു. മികച്ച പ്രസവ ചികിത്സ ഒരുക്കുക എന്ന ലക്ഷ്യത്തോടെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച രണ്ടു ലേബര്‍ റൂം പുതിയതായി ആശുപത്രിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

date