Skip to main content
ലൈഫ് മിഷൻ - കെ. ചിറ്റിലപ്പിളളി ഭവന പദ്ധതി നിർവഹണ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ലൈഫ് മിഷൻ നോഡൽ ഓഫീസർ ഏണസ്റ്റ് സി. തോമസ് പദ്ധതി വിശദീകരണം നടത്തുന്നു

ലൈഫ് മിഷന്‍-കെ.ചിറ്റിലപ്പിളളി ഭവന പദ്ധതി;  നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

 

    ലൈഫ് മിഷന്‍-കെ. ചിറ്റിലപ്പിളളി ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും ലൈഫ് മിഷന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി. 2018ലെ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കു സ്ഥലം വാങ്ങുന്നതിനു ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. പദ്ധതിക്കു വേണ്ട അപേക്ഷ സമര്‍പ്പിക്കുന്നതും ആവശ്യമുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതും സംബന്ധിച്ചാണു പരിശീലനം സംഘടിപ്പിച്ചത്.

    ലൈഫ് മിഷനും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി പ്രകാരം ഭൂരഹിതര്‍ക്കു സ്ഥലം വാങ്ങുന്നതിനു പരമാവധി രണ്ടര ലക്ഷം രൂപ വരെയാണു ധനസഹായം നല്‍കുന്നത്. വാങ്ങുന്ന സ്ഥലം നെല്‍ വയല്‍ തണ്ണീര്‍തട നിയമം, സി.ആര്‍.ഇസഡ് നിയമം (തീരപരിപാലന നിയമം) എന്നിവയുടെ പരിധിയില്‍ വരുന്നതല്ലെന്നും സ്ഥലത്തിനു മറ്റു ബാധ്യതകളില്ലെന്ന് ഉറപ്പു വരുത്തണമെന്നും നിര്‍വഹണ ഉദ്യാഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. രേഖകളുടെ അപര്യാപ്തത മൂലം അപേക്ഷകള്‍ നിരസിക്കുന്ന സാഹചര്യമുണ്ടാകരുത്. 

    പരീക്ഷണാടിസ്ഥാനത്തില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം 25 കോടി രൂപയാണു ഭൂമി വാങ്ങുന്നതിനായി ചെലവഴിക്കുക. കുറഞ്ഞതു മൂന്നു സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നവര്‍ക്കാണു ധനസഹായത്തിന് അര്‍ഹതയുള്ളത്. അപേക്ഷകള്‍ പരിശോധിച്ച ശേഷം അര്‍ഹരായവര്‍ വാങ്ങിയ ഭൂമിയുടെ ഉടമകള്‍ക്കു നേരിട്ടാണു പണം നല്‍കുന്നത്.

    കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന പരിശീലനത്തില്‍  ലൈഫ് മിഷന്‍ നോഡല്‍ ഓഫീസര്‍ ഏണസ്റ്റ് സി. തോമസ് പദ്ധതി വിശദീകരിച്ചു. കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷനിലെ മാനേജര്‍മാരായ ജി.ദീപക്, ടാനിയ ചെറിയാന്‍ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി. ലൈഫ് മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ജെ.ആര്‍ അഞ്ജന, കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ലീഗല്‍ ഓഫീസര്‍ എം. അനന്തു തുടങ്ങിയവര്‍ പങ്കെടുത്തു.

date