Skip to main content

ഖര മാലിന്യ സംസ്‌കരണം:  നഗരസഭകളില്‍ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയര്‍മാരെത്തും

 

    ശാസ്ത്രീയമായ ഖര മാലിന്യ സംസ്‌കരണമുറപ്പാക്കുക എന്ന ലക്ഷ്യത്തില്‍ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയരെ നിയമിക്കാനൊരുങ്ങുന്നു സംസ്ഥാന സര്‍ക്കാര്‍. നവംബര്‍ മാസത്തോടെ നിയമനം സാധ്യമാകുന്ന രീതിയില്‍ ഉദ്യോഗാര്‍ഥികളുടെ എഴുത്ത് പരീക്ഷ പൂര്‍ത്തിയായി. ഒക്ടോബര്‍ അവസാനത്തോടെ ജില്ലാതലത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ  നഗരസഭകളില്‍ നിയമനം നല്‍കാനാണു ലക്ഷ്യമിടുന്നത്. ബി.ടെക് (സിവില്‍) അല്ലെങ്കില്‍ എം.ടെക് (സിവില്‍, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്) എന്നീ യോഗ്യതയുള്ളവരെയാണ് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയര്‍മാരായി നിയമിക്കുന്നത്.

    നഗര സഭകള്‍ക്കു കീഴിലെ ഖര മാലിന്യ സംസ്‌കരണ വിഭാഗത്തിന് ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായമുറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ടിനു കീഴിലായിരിക്കും ഇവരുടെ നിയമനം.  ആറു വര്‍ഷത്തേക്കുള്ള പദ്ധതിക്ക് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാങ്കിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായം ലഭിക്കും.

    സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച പരീക്ഷയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുടെ ജില്ലാതല പട്ടിക തയ്യാറാക്കിയ ശേഷം ജില്ലാതലത്തില്‍ അഭിമുഖം നടത്തും. അതില്‍ മികച്ച ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും നിയമനം ലഭിക്കുന്നത്. 

    ശാസ്ത്രീയമായ ഖര മാലിന്യ സംസ്‌കരണത്തിലൂടെ കേരളത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുക എന്ന ലക്ഷ്യത്തിലാണു സംസ്ഥാനത്ത് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് ആരംഭിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ നഗരങ്ങളിലെയും പിന്നീട് ഗ്രാമങ്ങളിലെയും മാലിന്യപ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന തരത്തിലാണു പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ പദ്ധതിയുടെ ജില്ലാതല പ്രൊജക്റ്റ് ഓഫീസര്‍മാരെ നിയമിച്ചു കഴിഞ്ഞു.പ്രോജെക്ടിന് ലോകബാങ്കിന്റെ 300 മില്യണ്‍ ഡോളര്‍ (ഏകദേശം 2400 കോടി രൂപ)സാമ്പത്തിക സഹായം ലഭിക്കും.

date