Skip to main content
അതിഥി തൊഴിലാളികൾക്കിടയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂരിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ നിർവഹിക്കുന്നു

അതിഥി തൊഴിലാളികള്‍ക്ക്  ലഹരി വിരുദ്ധ ബോധവത്കരണം: പെരുമ്പാവൂരില്‍ തെരുവുനാടകവും  ലഹരി വിരുദ്ധ പ്രതിജ്ഞയും 

 

    അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂരില്‍ തെരുവുനാടകവും  ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും  സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. 

    മാര്‍ത്തോമ കോളേജ് എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരിവിരുദ്ധ തെരുവുനാടകം ജനശ്രദ്ധ ആകര്‍ഷിച്ചു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നഗരസഭയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എക്‌സൈസ് വകുപ്പും  രാജഗിരി ഔട്ട് റീച്ച് മൈഗ്രന്റ് സുരക്ഷാ പ്രോജക്ടും മാര്‍ത്തോമ കോളേജും ലഹരിവിരുദ്ധ ക്ലബ്ബും സംയുക്തമായാണു ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

    രാജഗിരി ഔട്ട് റീച്ച് മൈഗ്രന്റ് സുരക്ഷാ പ്രോജക്ടിലെ ജാന്‍സി വര്‍ഗീസ് ലഹരിക്കെതിരെയുള്ള ക്ലാസിനു നേതൃത്വം നല്‍കി. പെരുമ്പാവൂര്‍ ഫിഷ് മാര്‍ക്കറ്റ് റോഡില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജയപ്രകാശ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.ജി മധുസൂദനന്‍, മാര്‍ത്തോമാ കോളേജ് അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍ സംഗീത കോരോത്ത്, രാജഗിരി ഔട്ട് റീച്ച് മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് മാനേജര്‍ സ്വപ്ന സുധീര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ പങ്കെടുത്തു.

    സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ 22 വരെ അതിഥി തൊഴിലാളികളെ ലഹരിയില്‍ നിന്നും വിമുക്തരാക്കുന്നതിനും ലഹരി ഉപയോഗവും വിതരണവും തടയുകയുന്നതിനുമായി വിപുലമായ പരിപാടികളാണു ജില്ലയില്‍ നടന്നു വരുന്നത്.

date