Skip to main content

കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട്  അതോറിറ്റി സുസജ്ജമാക്കല്‍:  അടിയന്തര നടപടി വേണമെന്ന്    കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ;മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നല്‍കി 

 

 

     വര്‍ധിക്കുന്ന ഗതാഗത പ്രശ്നങ്ങള്‍ക്കു പരിപൂര്‍ണ്ണ പരിഹാരത്തിനു കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പ്രവര്‍ത്തനം സുസജ്ജമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആന്റണി രാജുവിനും നിവേദനം നല്‍കി. 2019ല്‍ പ്രാബല്യത്തിലായ കേരളം മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ആക്ട് പ്രകാരം അടുത്ത വര്‍ഷം നിലവില്‍ വന്ന കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പ്രവര്‍ത്തനം നാളിതുവരെ പൂര്‍ണരൂപത്തിലായിട്ടില്ലെന്ന് നിവേദനത്തില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.

    കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ പ്രധാന നഗരപ്രദേശങ്ങളെ അര്‍ബന്‍ മൊബിലിറ്റി മേഖലകളായി കണക്കാക്കി നഗര ഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയും മറ്റ് അനുബന്ധ സേവനങ്ങളും ലക്ഷ്യമിട്ടാണ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ രൂപീകരിക്കുന്നതിനു നിയമം ആവിഷ്‌കരിച്ചത്. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കഴിഞ്ഞവര്‍ഷം ജനുവരി 22ന് പ്രഥമ യോഗം ചേര്‍ന്നു സംയോജിത ഗതാഗത പദ്ധതികളുടെ സുഗമവും സമയബന്ധിതവുമായ നടത്തിപ്പിനായി വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

    അതോറിറ്റി രൂപമെടുത്തിട്ട് രണ്ടുവര്‍ഷമായിട്ടും നിയമത്തില്‍ നിഷ്‌കര്‍ഷിച്ച പ്രകാരമുള്ള ഭേദഗതികള്‍ക്കു സമര്‍പ്പിച്ച കരട് രേഖകള്‍ക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. കൊച്ചി കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ക്കു പുറമെ ജിസിഡിഎയുടെയും ജിഡയുടെയും അധികാരപരിധിയിലുള്ള മേഖലകളെക്കൂടി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം തയ്യാറാക്കിയെങ്കിലും ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കെ.എം.ആര്‍.എല്ലിന് കീഴിലെ യു.എം.ടി.എ കൊച്ചിയുടെ പ്രവര്‍ത്തനം അതോറിറ്റിയില്‍ ലയിപ്പിക്കുന്നതിനു പ്രഥമ യോഗത്തില്‍ തീരുമാനിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 

    അതോറിറ്റിയില്‍ ജീവനക്കാരുടെ നിയമന - വേതന കാര്യങ്ങളിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഗതാഗത - ധന - നിയമ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സുസജ്ജമാക്കി ഇതിനായി വകയിരുത്തിയ തുക നഷ്ടമാകാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

date