Skip to main content
ശ്രദ്ധേയമായി ചര്‍ച്ച

ലഹരി തടയാന്‍ വേണ്ടത് കൃത്യമായ ഇടപെടലുകള്‍: ശ്രദ്ധേയമായി ചര്‍ച്ച

 

മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം സൃഷ്ടിക്കുന്ന മാരകവിപത്തിനെതിരെ മാതാപിതാക്കളുടെയും അധ്യാപകരുടെയും  കാര്യക്ഷമമായ ഇടപെടലുകള്‍ വേണമെന്ന അഭിപ്രായമാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് മുന്നോട്ട് വെച്ചത്. കുട്ടികളുടെ ചിന്തയ്ക്കുംപ്രവര്‍ത്തനത്തിനും പൂര്‍ണസ്വാതന്ത്ര്യം നല്‍കിയാല്‍ മാത്രമേ അവരെ ക്രിയേറ്റീവായി ഉയര്‍ത്താനാകൂ. 
പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി കുട്ടിയാണ് എന്ന അഭിപ്രായം മാറ്റണം. കുട്ടികള്‍ക്ക് ഒറ്റപ്പെടല്‍ തോന്നുന്നതും  അംഗീകാരം ലഭിക്കാത്ത സ്ഥിതിയും പലപ്പോഴും അവരെ ഗുരുതരമായി ബാധിക്കാറുണ്ട്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകൂ. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ അവരെ പരിശീലിപ്പിച്ച് സമഗ്രമായ കഴിവുകളെ വളര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലഹരി എന്ന വിപത്തിനെ പൂര്‍ണമായി തടയണമെങ്കില്‍ അത് സംബന്ധിച്ചുള്ള കൃത്യമായ അവബോധം കുട്ടികള്‍ക്ക് നല്‍കുക എന്ന അഭിപ്രായമാണ് കെ എഫ് ആര്‍ ഐ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ടി വി സജീവ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്താണ് സംഭവിക്കുന്നത് എന്നതിനെ  പറ്റി കൃത്യമായ അറിവുണ്ടാകണം. ക്രിയേറ്റീവ് ചിന്തകള്‍ കുട്ടികളില്‍ ഉണര്‍ത്തുമ്പോള്‍ മാത്രമാണ് മറ്റുള്ള പ്രലോഭനങ്ങളില്‍ നിന്ന് അവര്‍ മോചിതരാകൂ. വ്യക്തി എന്ന നിലയില്‍ സ്വയം അറിയാനുള്ള സാധ്യതകള്‍ വേണം. പഠനം എന്നതിനേക്കാള്‍ ഉപരി  കല ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ കുട്ടികളെ  വളരാന്‍ അനുവദിക്കണം. ഇതിന് വിദ്യാഭ്യാസത്തിന് ഉള്‍പ്പെടെ വലിയ പങ്കാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.  
ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നത് പ്രധാനമാണ്. നിലവിലെ വിദ്യാഭ്യാസ രീതിക്ക് അതിന് സാധിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കാര്യക്ഷമമായ ഇടപെടലുകളിലൂടെ മാത്രമേ ലഹരി എന്ന വിപത്തിനെ തടയിടാനാകൂ എന്ന് സാമൂഹിക പ്രവര്‍ത്തക ഷീബ അമീര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഇത് സംബന്ധിച്ച് കൃത്യമായ അവബോധം നല്‍കണമെന്നും അവര്‍ പറഞ്ഞു.

കുട്ടികളെ കേള്‍ക്കാന്‍ അധ്യാപകര്‍ ഉള്‍പ്പടെ  തയ്യാറാകേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞാണ് കുട്ടനെല്ലൂര്‍ കോളേജ് ഇക്കണോമിക്‌സ് വിഭാഗം വകുപ്പ് മേധാവി ഡോ.ആര്‍ രമ്യ ചര്‍ച്ചയില്‍ സംസാരിച്ചത്. കുട്ടികള്‍ക്കായി സമയം മാറ്റി വെയ്ക്കുക, അവരെ കേള്‍ക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. എങ്കില്‍ മാത്രമേ  ജീവിതത്തിന്റെ ലഹരി എന്താണെന്നതില്‍ അവരില്‍ ധാരണ ഉണ്ടാക്കാനാകൂ എന്നും അവര്‍ പറഞ്ഞു. 
 
മയക്കുമരുന്നിനും ലഹരിക്കും അടിമപ്പെട്ട് ഒരുവിഭാഗം പേര്‍ നടന്നടുക്കുന്നത് അത്യന്തം മാരകമായൊരു വിപത്തിലേക്കാണെന്ന മുന്‍കരുതല്‍ നല്‍കിയാണ് വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അമൃത് രംഗന്‍ ചര്‍ച്ചയില്‍ സംസാരിച്ചത്. ലഹരി കേസുകളില്‍ ഉണ്ടാകുന്ന വര്‍ദ്ധന ഭീകരമാണെന്ന് പറഞ്ഞ അമൃത് രംഗന്‍  മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടുന്ന കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളും പരാമര്‍ശിച്ചു. 

തുടര്‍ച്ചയായുള്ള ലഹരി ഉപയോഗം എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയില്‍ ഉണ്ടാക്കിയ ഓര്‍മ്മക്കുറവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജോര്‍ജ് ചര്‍ച്ചയില്‍ ഉന്നയിച്ചത്.  ലഹരിയുടെ  അപകടത്തെപ്പറ്റിയും അവ വരുന്ന വഴികളെ പറ്റിയും വേണ്ടത്ര അവഗാഹമില്ലാത്തതും കുട്ടികളെ കുരിക്കിലാക്കുന്നുണ്ട്.ലഹരി കേസുകളില്‍ ഉണ്ടായ ദുരനുഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലഹരി എന്ന  വിപത്തിനെതിരെയുള്ള പോരാട്ടം സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത രാമവര്‍മ്മപുരം ഡയറ്റ് അധ്യാപിക ഡോ.പി സി സിജി ചര്‍ച്ചയില്‍ ഉന്നയിച്ചു. ലഹരി വിരുദ്ധ യജ്ഞം ഏറ്റെടുത്ത് സമൂഹത്തിനോടുള്ള ഉത്തരവാദിത്വം നിറവേറ്റണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിവിധ തരത്തിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം ശാരീരികവും മാനസികവുമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മെഡിക്കല്‍ കോളേജ് അസി.പ്രൊഫസര്‍ ഡോ.സെബിദ് കുമാര്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയത്.

date