Skip to main content
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ കീഴില്‍ നടക്കുന്ന 2021-22 വര്‍ഷത്തെ കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല പരിശീലന പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കാര്‍ഷിക മേഖലയില്‍ കാലാനുസൃതമായ മാറ്റം  അനിവാര്യം: മന്ത്രി പി.രാജീവ്

 

    കാര്‍ഷിക മേഖലയില്‍ കാലത്തിന് അനുസൃതമായ മാറ്റം അനിവാര്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ കീഴില്‍ നടക്കുന്ന 2021-22 വര്‍ഷത്തെ കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല പരിശീലന പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  

    സാങ്കേതികവിദ്യയുടെ വികാസം കണക്കെടുപ്പ് പ്രക്രിയയെ വളരെയധികം ലളിതമാക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മെഷീന്‍ എന്ന് ലോകബാങ്ക് വിശേഷിപ്പിച്ച യന്ത്രം ഇന്ന് മൊബൈലുകളുടെ രൂപത്തില്‍ നമ്മുടെ പോക്കറ്റുകളില്‍ ഒതുങ്ങുന്ന രീതിയില്‍ ലഭ്യമാണ്. വ്യത്യസ്ത ആപ്ലിക്കേഷനുകളും ഇ-സംവിധാനവും വന്നതോടെ  കണക്കെടുപ്പ് കൂടുതല്‍ സൗകര്യപ്രദമായി. മനുഷ്യന്റെ ബുദ്ധി, ഓര്‍മ്മ എല്ലാം സംയോജിപ്പിച്ചുള്ള പ്രവൃത്തികള്‍ മെഷീനുകള്‍ ചെയ്തു തരുന്നു. വസ്തു നിഷ്ഠമായ വിശകലനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ഏതൊരു നയവും നമുക്ക് ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ. കൃഷി എല്ലാതലത്തിലും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പച്ചക്കറി, നെല്ല് മാത്രമല്ല മത്സ്യം, മാംസം, മുട്ട എന്നിവയിലും കൃഷി വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭൂ വിസ്തൃതി  കുറവാണെന്നതാണു സംസ്ഥാനത്തിന്റെ പരിമിതിയെന്നും ജനസാന്ദ്രത വളരെ കൂടുതലുമാണെന്നും ഇത്തരം വസ്തുതകള്‍ മനസിലാക്കാന്‍ സെന്‍സസ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

    ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ പലസ്ഥലങ്ങളും കൃഷി ചെയ്യാതെ കിടക്കുന്നുണ്ടെന്നും അത്തരം സ്ഥലങ്ങളില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ വിവിധ രീതിയിലുള്ള കൃഷിചെയ്യുന്നതിന് പരമാവധി ശ്രമിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. യുവജനങ്ങളുടേയും കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളുടേയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും കൂട്ടായ ശ്രമത്തിലൂടെയും കാര്‍ഷിക രംഗത്ത് വലിയ രീതിയിലുള്ള മുന്നേറ്റം സാധ്യമായെന്നും സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഏറെ പ്രയോജനപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

    കേന്ദ്രസര്‍ക്കാരിന്റെ കൃഷിയും കര്‍ഷക ക്ഷേമവും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കാര്‍ഷിക സെന്‍സസ് നടത്തുന്നു. അഞ്ചു വര്‍ഷത്തിലൊരിക്കലാണ് സെന്‍സസ് നടത്തുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും കര്‍ഷകരുടെ ഉന്നമനത്തിനും ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാണു കാര്‍ഷിക സെന്‍സസ് നടപ്പിലാക്കുന്നത്. സാമൂഹിക, സാമ്പത്തിക മേഖലകളില്‍ നയരൂപീകരണത്തിനും കാര്‍ഷിക സെന്‍സസിന്റെ ഫലങ്ങള്‍ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ സ്ഥിതിവിവര കണക്കുകളുടെ നോഡല്‍ ഏജന്‍സിയായ സാമ്പത്തിക സ്ഥിതി വിവരക്കണക്കു വകുപ്പിനാണു കാര്‍ഷിക സെന്‍സസിന്റെ നടത്തിപ്പ് ചുമതല. ഒന്നാംഘട്ട വിവരശേഖരണം നവംബറില്‍ ആരംഭിക്കും. പ്രത്യേക പരിശീലനം ലഭിച്ച എന്യൂമറേറ്റര്‍മാര്‍ എല്ലാ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെയും വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം പ്രത്യേകം രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ശേഖരിക്കും.

    സാമ്പത്തിക സ്ഥിതി വിവരക്കണക്ക് പ്രോഗ്രാം ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ അനിന്ദ്യ ബാനര്‍ജി ഓണ്‍ലൈനായി മുഖ്യ സന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുഖ്യപ്രഭാഷണം നടത്തി. സെന്‍സസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ചേര്‍ന്നു പ്രകാശനം ചെയ്തു.

    സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി ഷോജന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്‍സി അബ്രഹാം, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍.സംഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ പയസ് ജോര്‍ജ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date