Skip to main content

അടുക്കളയെ ഫാർമസിയാക്കാം:ഡോ.എസ് ഗോപകുമാർ

 

അടുക്കളയെ വീടുകളിലെ ഫാർമസിയാക്കി മാറ്റണമെന്ന് കണ്ണൂർ ഗവ.ആയുർവേദ കോളെജ് സൂപ്രണ്ടും രോഗനിദാന വിഭാഗം മേധാവിയുമായ ഡോ.എസ് ഗോപകുമാർ.

ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവ.ആയുർവേദ കോളെജിൽ 'ആരോഗ്യം ആയുർവേദത്തിലൂടെ' എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അടുക്കളയിലുപയോഗിക്കുന്ന ജീരകം,ഉലുവ,ചുക്ക്,വെള്ളുള്ളി,കായം,മഞ്ഞൾ,കുരുമുളക് തുടങ്ങിയവയെയൊക്കെ  ഔഷധമാക്കി മാറ്റാനാവും.ആഹാരമാവട്ടെ ഔഷധം.എന്നാൽ,മരുന്നുകളാണ് ഇന്നത്തെ തലമുറ ആഹാരമാക്കി മാറ്റുന്നത്.ഭക്ഷണത്തെ ഔഷധമാക്കാൻ പറയുന്ന ശാസ്ത്രമാണ് ആയുർവേദം.വീടുതന്നെ ഏറ്റവും വലിയ ആരോഗ്യപരിപാലന കേന്ദ്രമായി മാറണമെന്ന് ഡോ.ഗോപകുമാർ നിർദേശിച്ചു.

എന്തുകഴിക്കണം,എങ്ങനെ കഴിക്കണം,എപ്പോൾ കഴിക്കണം, എത്ര കഴിക്കണം എന്നത് പ്രധാനമാണ്.വയറിന്‍റെ കാൽഭാഗം ഒഴിച്ചിട്ടാണ് ഭക്ഷണം കഴിക്കേണ്ടത്.അത് സാവധാനം മനസ്സന്തോഷത്തോടെ കഴിക്കണം.വിശപ്പ് ഉണ്ടാവുമ്പോഴേ ആഹാരം കഴിക്കാവൂ.അത്താഴം കഴിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം ഉറങ്ങുന്നതാണ് നല്ലത്.ഒരാഴ്ചയിൽ 150 മിനിട്ടെങ്കിലും വ്യായാമം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണമല്ല, അതുണ്ടാക്കുന്ന രീതിയാണ് അപകടം. ഒരേ എണ്ണയിൽ ആവർത്തിച്ച് പൊരിച്ചെടുക്കുന്നവ ശീലമാക്കുന്നത് അപകടകരമാണ്.ഹിതം അഹിതമായി മാറാതിരുന്നാൽ, മിതം അമിതമാവാതിരുന്നാൽ, സുഖം അസുഖമാവാതിരിക്കും . ആരോഗ്യം പണം കൊടുത്ത് വാങ്ങുന്നതല്ലാതെ നമ്മൾ നമുക്കുവേണ്ടി സൃഷ്ടിച്ചെടുക്കുന്ന സമ്മാനമാവണം.സമൂഹത്തെയും പ്രകൃതിയേയും കരുതലോടെ ചേർത്തുപിടിക്കുന്ന ജീവനശാസ്ത്രമാണ് ആയുർവേദമെന്ന് ഡോ.ഗോപകുമാർ ചൂണ്ടിക്കാട്ടി.

പി.എൻ.എക്സ്.  5117/2022

date