Skip to main content

പദ്ധതി അവലോകനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ജില്ലകളിലേക്ക്

*നവകേരള തദ്ദേശകം 2.0 ഒക്ടോബർ 27 മുതൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവഹണം ഉൾപ്പെടെ അവലോകനം ചെയ്യുന്നതിനും സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്‌കരിച്ച വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നവകേരള തദ്ദേശകം 2.0 എന്ന പേരിൽ ജില്ലാ തല യോഗങ്ങൾ ചേരുന്നു. ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിലാണ് ആദ്യയോഗം. നവംബർ 22 ന് ഉച്ചയ്ക്ക് കാസർഗോഡ് ചേരുന്ന യോഗത്തോടെ പരിപാടി അവസാനിക്കും. എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും, ജില്ലാ ആസൂത്രണ സമിതിയുടെ ഭാഗമായ ജില്ലാ കളക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർമാർ, ജില്ലാ തല വകുപ്പ് മേധാവിമാർ, സർക്കാർ പ്രതിനിധി, ഫെസിലിറ്റേറ്റർമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനതലത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഓരോ യോഗത്തിലും പങ്കെടുക്കും.

ഈ സർക്കാർ അധികാരമേറ്റതിന് ശേഷം അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് നവകേരള തദ്ദേശകം പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ വർഷം നവകേരള തദ്ദേശകത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും യോഗം ചേർന്നിരുന്നു. ഇതിന്റെ രണ്ടാം ഘട്ടത്തിനാണ് ഒക്ടോബർ 27 ന് തുടക്കമാവുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പുവരുത്താൻ നവകേരള തദ്ദേശകം 2.0 സഹായകരമാകുമെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. മാലിന്യപ്രശ്‌നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തേണ്ടവരാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികൾ. പുതിയ വികസന സങ്കൽപ്പങ്ങളും പദ്ധതികളും അവരുമായി ചർച്ച ചെയ്യുന്നത് നാടിൻറെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വാർഷിക പദ്ധതി നിർവഹണത്തിന്റെ അവലോകനം, അതിദാരിദ്രം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ പുരോഗതി, വാതിൽപ്പടി സേവനം, ശുചിത്വ കേരളത്തിനായുള്ള പ്രവർത്തനങ്ങൾ, ആയിരത്തിൽ അഞ്ച് പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുടെ പുരോഗതിയും തൊഴിൽസഭകളും, മനസോടിത്തിരി മണ്ണും ലൈഫ് പദ്ധതിയും, ലഹരിമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ, കുടുംബശ്രീയും ഷീ സ്റ്റാർട്ട്‌സും, ഡിജിറ്റൽ ഗവേണൻസും ഐഎൽജിഎംഎസും ഫയൽ തീർപ്പാക്കലും, ആസ്തി രജിസ്റ്റർ പുതുക്കൽ, ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും യോഗത്തിലെ ചർച്ചകൾ. ജില്ലാതലത്തിൽ യോഗം ചേരുന്ന തീയതിയും വിശദാംശങ്ങളും ചുവടെ;

തിരുവനന്തപുരം – 27ന് രാവിലെ 10 ന്, പാലക്കാട് - 28ന് രാവിലെ 10 ന്, കോഴിക്കോട് - 31ന് രാവിലെ 10 ന്, തൃശൂർ - നവംബർ 7ന് ഉച്ചയ്ക്ക്  2.30ന്, കൊല്ലം - 8ന് രാവിലെ 10 ന്, മലപ്പുറം - 10ന് രാവിലെ 10 ന്, ആലപ്പുഴ - 11ന് രാവിലെ 10 ന്, എറണാകുളം – 11ന്  ഉച്ചയ്ക്ക് 02.30ന്, ഇടുക്കി – 17ന് രാവിലെ 10 ന്, കോട്ടയം – 18ന് രാവിലെ 10 ന്, പത്തനംതിട്ട – 18ന് ഉച്ചയ്ക്ക് 02.30 ന്, വയനാട് – 21ന് രാവിലെ 10 ന്, കണ്ണൂർ -  22ന് രാവിലെ 10 ന്, കാസർഗോഡ് – 22ന് ഉച്ചയ്ക്ക് 02.30ന്.

പി.എൻ.എക്സ്.  5138/2022

date