Skip to main content

നിർമാണ പ്രവൃത്തികളിൽ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കും: മന്ത്രി വീണാ ജോർജ്

 

*കാസർഗോഡ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളുടെ നിർമാണ പ്രവൃത്തികൾ അടിയന്തര പ്രധാന്യത്തോടെ പൂർത്തിയാക്കണം

*കിഫ്ബി പദ്ധതികളുടെ പ്രവൃത്തി പുരോഗതി വിലയിരുത്തി

സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവർത്തി പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിലയിരുത്തി. ആശുപത്രികളിൽ നടന്നുവരുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി. ആശുപത്രികളുടെ വികസനം എത്രയും വേഗം സാധ്യമാക്കുന്നതിന് നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. നിർമാണ പ്രവൃത്തികൾക്ക് തടസമായ വിഷയങ്ങൾ ഇടപെട്ട് പരിഹരിക്കാനും മന്ത്രി നിർദേശം നൽകി. നിർമാണ പ്രവൃത്തികളിൽ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളുടേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കൽ കോളേജുകളുടേയും വെവ്വേറെ യോഗങ്ങളാണ് കൂടിയത്. വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്.പി.വി.കളായ ഇൻകൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്., കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ., കിറ്റ്കോ, ഹൈറ്റ്സ് എന്നിവയുമായാണ് മന്ത്രി ചർച്ച നടത്തിയത്. നിർമാണ പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കാൻ കൃത്യമായി ഇടപെടണമെന്ന് എസ്.പി.വി.കൾക്ക് മന്ത്രി നിർദേശം നൽകി.

കാസർഗോഡ് ജില്ലയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നടന്നു വരുന്ന നിർമാണ ജോലികൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കണം. പുതുതായി അനുമതി ലഭ്യമായ കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ നടക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികളും യോഗം വിലയിരുത്തി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ജില്ലാ മെഡിക്കൽ ഓഫീസർമാർ, കിഫ്ബി ഉദ്യോഗസ്ഥർ, മെഡിക്കൽ കോളേജ്, മറ്റാശുപത്രി സൂപ്രണ്ടുമാർ, നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട എസ്.പി.വി. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്.  5143/2022

 

 

date