Skip to main content
നവീകരിച്ച ചിറക്കൽ ചിറ

നവീകരിച്ച ചിറക്കൽ ചിറ 28ന് മന്ത്രി  റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

നവീകരിച്ച ചിറക്കൽ ചിറയുടെ ഉദ്ഘാടനം ഒക്ടോബർ 28ന് വൈകീട്ട് അഞ്ചിന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് കെ വി സുമേഷ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ചിറകളിലൊന്നായ ചിറക്കൽ ചിറക്ക് 400 വർഷത്തെ പഴക്കമുണ്ട്. 12.70 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ചിറ മണ്ണും ചെളിയും നീക്കിയും പടവുകൾ പുനർനിർമ്മിച്ചും സംരക്ഷണ ഭിത്തി കെട്ടിയുമാണ് നവീകരിച്ചത്. ഇതിനായി ജലസേചന വകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം 2.30 കോടി ഹരിതകേരളം ടാങ്ക്‌സ് ആൻഡ് പോണ്ട്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്നു. ചെളിയും മാലിന്യങ്ങളും നിറഞ്ഞ 53949 ക്യുബിക് മീറ്റർ മണ്ണ് ചിറയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. നവീകരണം പൂർത്തിയായതോടെ ചിറയുടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററിൽ നിന്ന് 1339.42 ലക്ഷം ലിറ്ററായി. ഇതോടെ പ്രദേശത്തെ ഭൂഗർഭജലനിരപ്പ് വർധിച്ചു. നവീകരണത്തോടെ ചിറയുടെ ആഴം 1.6 മീറ്ററിൽനിന്ന് 2.6 മീറ്ററായി. ചിറക്കൽ കോവിലകത്തിന്റെ അധീനതയിലുള്ള ചിറ വ്യവസ്ഥകളോടെ ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരിച്ചത്. ചിറ നവീകരണത്തിന് ചിറക്കൽ രാജകുടുംബം വലിയ പിന്തുണ നൽകിയതായും ഭാവി പ്രവർത്തനങ്ങൾ ചിറക്കൽ കോവിലകവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും എംഎൽഎ അറിയിച്ചു.

മഴക്കാലത്ത് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴുകി വരുന്ന അഴുക്ക് വെള്ളം ചിറയിലേക്ക് പ്രവേശിക്കുന്നത് തടയാൻ സംരക്ഷണ ഭിത്തിയുടെ മുകളിലായി പാരപറ്റ് വാളും നിർമിച്ചിട്ടുണ്ട്. ഇതിന്റെ ഉപരിഭാഗം പ്ലാസ്റ്ററിംഗ് നടത്തി പെയിൻറ് ചെയ്തു. സഞ്ചാരികളെ ആകർഷിക്കാൻ ചിറക്കു ചുറ്റും സൗന്ദര്യവത്കരണമടക്കം ആലോചനയിലുണ്ടെന്ന് എംഎൽഎ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ എംപിമാരായ കെ സുധാകരൻ, ഡോ. വി ശിവദാസൻ, അഡ്വ. പി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ തുടങ്ങിയവർ സംബന്ധിക്കും.

കണ്ണൂർ പിആർഡി ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെസി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ കെ ഗോപകുമാർ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ പി സുരേഷ് ബാബു എന്നിവരും പങ്കെടുത്തു.

date