Skip to main content

ലഹരി വിരുദ്ധ ശൃംഖല നവംബർ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

ലഹരി ഉപയോഗത്തിനെതിരെ കേരളം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിർവഹിക്കും. തിരുവനന്തപുരം ഗാന്ധിപാർക്ക് മുതൽ അയ്യങ്കാളി ഹാളിന് സമീപം വരെയും തിരിച്ചും സ്‌കൂൾകോളേജ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ശൃംഖല തീർക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ 25,000 വിദ്യാർഥികൾ അണിനിരക്കും. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളെടുക്കും. ലഹരി ഉത്പന്നങ്ങൾ പ്രതീകാത്മകമായി കത്തിക്കും. സ്‌കൂളുകളിൽ വിദ്യാഭ്യാസ ജാഗ്രത സമിതികൾ രൂപീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ലഹരിക്കെതിരെ ബോധവത്ക്കരണം സൃഷ്ടിക്കുന്നതിനായി പുതിയ പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും. ഒരു സ്‌കൂളിലെ ഒരു അധ്യാപകൻ വീതം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനത്തെ ഒരു ലക്ഷം ക്ളാസ് മുറികളിൽ ലഹരി വിരുദ്ധ കലണ്ടറുകൾ പ്രദർശിപ്പിക്കും.

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കോളേജുകളിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും മികച്ച പ്രവർത്തനം നടത്തിയ കോളേജ്സർവകലാശാല എന്നിവയ്ക്കും നവംബർ ഒന്നിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കിടയിലും ബോധവത്ക്കരണ പ്രവർത്തനം നടക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പി.എൻ.എക്സ്.  5192/2022

date