Skip to main content

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് അതിഥി തൊഴിലാളികള്‍

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് ജില്ലയിലെ അതിഥി തൊഴിലാളികള്‍. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടത്തുന്ന 'കവച് ' ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനത്തിലാണ് അതിഥി തൊഴിലാളികള്‍ പ്രതിജ്ഞയെടുത്തത്. ലഹരി ഉപയോഗിക്കില്ലെന്നും ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കുമെന്നും തൊഴിലാളികള്‍ പ്രതിജ്ഞ ചെയ്തു.

ബോധവത്കരണ പരിപാടി നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പുരോഗതിയില്‍ അതിഥി തൊഴിലാളികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലഹരി അല്‍പ്പ സമയത്തേക്ക് കൃത്രിമ സന്തോഷം നല്‍കാമെങ്കിലും ഉപയോഗം മനുഷ്യന്റെ ജീവന്‍ അപകടത്തിലാക്കുന്ന ഒന്നാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജെ താജുദ്ദീന്‍ കുട്ടി ക്ലാസെടുത്തു. മേജര്‍ രവി നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലേബര്‍ ഓഫീസര്‍ ജനറല്‍ കെ.ജയപ്രകാശ് നാരായണന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് വി.പി. ശിവരാമന്‍, നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി ശശികുമാര്‍, വിമുക്തി കോഡിനേറ്റര്‍ ഗാദ എം ദാസ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ അഡൈ്വസര്‍ മൊയ്തീന്‍കുട്ടി ഹാജി, ചേംബര്‍ കൊമേഴ്‌സ് പ്രസിഡണ്ട് ഡോ. കെ. വി. അന്‍വര്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി കെ സുബ്രഹ്മണ്യന്‍ . ബി എം എസ് ജില്ലാ ജോയിന്‍ സെക്രട്ടറി വിശ്വനാഥന്‍, എന്നിവര്‍ സംസാരിച്ചു. ക്യാമ്പയ്നിന്റെ ഭാഗമായി നഗരത്തില്‍ വിളംബര റാലിയും നടത്തി. റാലി ജെ താജുദ്ദീന്‍കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു.

 

date