Skip to main content

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവം;  ഇടുക്കി വൈൽഡ് ലൈഫ് വാർഡന് സസ്പെൻഷൻ

ഇടുക്കി ജില്ലയിൽ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മർദ്ദിച്ചതായുള്ള ആരോപണങ്ങളിൽ ഉൾപ്പെട്ട ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ആയിരുന്ന ബി.രാഹുലിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വനം വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ തിരുവനന്തപുരം വനം ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ ഇദ്ദേഹത്തിനെതിരായ കണ്ടെത്തലുകൾ വന്നതിനെ തുടർന്നാണ് സർവ്വീസിൽ നിന്നും മാറ്റി നിർത്താൻ ഉത്തരവായത്. കിഴുക്കാനം സെക്ഷൻ സ്റ്റാഫ് തയ്യാറാക്കിയ മഹസ്സറിന്റെ പോരായ്മകളും കേസിന്റെ വിശ്വാസ്യത കുറവും ശരിയാംവിധം അന്വേഷിക്കാതെ സെക്ഷൻ ജീവനക്കാരെ സംരക്ഷിച്ചുകൊണ്ട് കേസ് സ്വയം ഏറ്റെടുത്ത് വൈൽഡ് ലൈഫ് വാർഡൻ തെറ്റായ തുടർ നടപടികൾ സ്വീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ആദിവാസി യുവാവിനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് ആരോപണ വിധേയരായ ആറ് ഉദ്യോഗസ്ഥരെ നേരത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

പി.എൻ.എക്സ്. 5322/2022

 

date