Skip to main content

സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും സവിശേഷ തിരിച്ചറിയൽ നമ്പർ (unique building number)

സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും സവിശേഷ തിരിച്ചറിയൽ നമ്പർ (unique building number) നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായിട്ടാണ് സംവിധാനം ഏർപ്പെടുത്തുന്നത്. എളുപ്പത്തിൽ തിരിച്ചറിയാനും വിവിധ സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും. ഇൻഫർമേഷൻ കേരളാ മിഷൻറെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികൾ സ്വീകരിക്കുന്നത്. സംസ്ഥാനത്തിൻറെ വികസനക്കുതിപ്പിൽ നടപടി നിർണായ പങ്ക് വഹിക്കുമെന്നു മന്ത്രി എം ബി രാജേഷ് പറഞ്ഞു. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ഏകോപിപ്പിക്കുന്നതോടെഎളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ലഭിക്കാൻ വഴിയൊരുങ്ങും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാർഡ് വിഭജനം നടത്തുമ്പോൾ ഓരോ പ്രാവശ്യവും കെട്ടിടങ്ങളുടെ നമ്പറിൽ വ്യത്യാസം വരുന്നത്കെട്ടിടവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്. കൂടുതൽ സുതാര്യവും ഫലപ്രദവുമായ നടപടിക്രമത്തിനും സംവിധാനം വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.

നഗര-ഗ്രാമ പ്രദേശങ്ങളിൽ നിലവിൽ സഞ്ചയാ സോഫ്റ്റ് വെയർ വഴിയാണ് കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുന്നത്. വാർഡ് നമ്പർഡോർ നമ്പർസബ് നമ്പർ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് നിലവിലെ കെട്ടിട നമ്പർ. വീടുകൾക്ക് നമ്പർ ഇടുന്ന സമയത്ത് തന്നെ യൂണീക് ബിൽഡിംഗ് നമ്പറും സഞ്ചയ സോഫ്റ്റ് വെയറിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. നിലവിലെ നമ്പറിനൊപ്പംയുണീക് നമ്പറും ലഭ്യമാക്കാനുള്ള നടപടികൾ ഐകെഎം സ്വീകരിക്കും. വസ്തുനികുതിയുടെ ഡിമാൻഡ് രജിസ്റ്റർ തയ്യാറാക്കുമ്പോളുംഡിമാൻഡ് നോട്ടീസിനൊപ്പവും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനൊപ്പവുംകെട്ടിട നികുതി അടയ്ക്കുമ്പോളുമെല്ലാം സവിശേഷ തിരിച്ചറിയൽ നമ്പർ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്സ്. 5336/2022

date